പ്രതിനിധികൾ കുമരകത്ത്: ജി20 ഷെർപ്പ യോഗം ഇന്ന് മുതൽ
|ജി 20 അംഗങ്ങൾ ഉൾപ്പടെ 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗമാണ് കുമരകത്ത് നടക്കുക
ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായുളള ഉദ്യോഗസ്ഥ സമ്മേളനം കുമരകത്ത് ഇന്ന് മുതൽ ആരംഭിക്കും. ജി 20 ഉദ്യോഗസ്ഥരുടെ രണ്ടാം ഷർപ്പ യോഗമാണ് കുമരകത്ത് നടക്കുക. ഇന്ത്യയുടെ ഷെർപ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും.
ജി 20 അംഗങ്ങൾ ഉൾപ്പടെ 120-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്. നാലു ദിവസം നീളുന്ന സമ്മേളനം ഏപ്രിൽ രണ്ടിന് സമാപിക്കും. ജി20 യുടെ സാമ്പത്തിക - വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികളെ കുറിച്ചും ചർച്ചകൾ നടക്കും. കൂടാതെ ഷെർപ്പ ട്രാക്കിനുള്ളിലെ 13 പ്രവർത്തക സമിതികൾക്കു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. പരിസ്ഥിതി കാലാവസ്ഥ വിഷയങ്ങളും കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയ്ക്കും ചർച്ചയിൽ മുൻഗണന നല്കുയന്നുണ്ട്. ജി 20 രാജ്യാന്തര കൂട്ടായ്മയിൽ ഇന്ത്യയുടെ പ്രത്യേക പ്രതിനിധി അമിതാഭ് കാന്ത് അധ്യക്ഷനാകും.
ഷർപ്പ യോഗത്തിന്റെ ഭാഗമായ വലിയ ഒരുക്കങ്ങളാണ് കുമരകത്ത് നടത്തിയിരിക്കുന്നത്. വിവിധ റിസോർട്ടുകളിലായിട്ടാണ് യോഗങ്ങൾ നടക്കുക.
സംസ്ഥാന സർക്കാരുമായി സഹകരിച്ച് കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന വിഭവങ്ങളും ആസ്വദിക്കാനുള്ള സവിശേഷ അവസരവും കുമരകത്ത് ഒരുക്കിയിട്ടുണ്ട്. 1500ല്‍ അധികം പൊലീസുകാരെ വിന്യസിച്ച് കൊണ്ട് മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുമുണ്ട്.