‘രണ്ടാം പിണറായി സർക്കാർ വളരെ ദുർബലം’; ആത്മകഥയിൽ തുറന്നടിച്ച് ഇ.പി ജയരാജൻ
|ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇന്നാണ് ആത്മകഥ പ്രകാശനം ചെയ്യുന്നത്
കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമെന്ന് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജൻ. ‘കട്ടൻ ചായയും പരിപ്പുവടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥയിലാണ് രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്.
ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് വിവാദപരാമർശങ്ങളുള്ള പുസ്തകം പ്രകാശനം ചെയ്യുന്നതെന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയജീവിതവും വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥ എഴുതാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ ഇപി ജയരാജൻ അറിയിച്ചിരുന്നു.
ദേശാഭിമാനിയ്ക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയുമായി ആലോചിച്ചാണെന്നും എന്നാൽ വിഎസ് അച്യുതാനന്ദൻ അത് തനിക്കെതിരെ ആയുധമാക്കിയെന്നും പരാമർശമുണ്ട്.
ആദ്യ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജൻ നിൽക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുള്ളത്. കട്ടൻചായ പിടിച്ചുനിൽക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദമായതിന് പിന്നാലെയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ദിനത്തിലാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ആ വെളിപ്പെടുത്തൽ സിപിഎമ്മിനെ വലിയരീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതിന് പിന്നാലെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇപി ജയരാജനെ നീക്കിയിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ആത്മകഥയിലുത്തരമുണ്ടാകുമെന്നായിരുന്നു ഇപി ജയരാജൻ അന്ന് പ്രതികരിച്ചിരുന്നത്.
ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ തന്നോട് ചർച്ചനടത്തിയെന്ന് ശോഭാസുരേന്ദ്രൻ ആഴ്ചകൾക്കുമുമ്പ് വെളിപ്പെടുത്തിയിരുന്നു.