രണ്ടാം പിണറായി സർക്കാർ ഇന്ന് അധികാരമേൽക്കും; ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായേക്കും
|ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ് നടക്കുന്നത്. ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് അടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കില്ല.
വൈകിട്ട് 3.30ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ആ ചരിത്ര മൂഹൂര്‍ത്തം നടക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്ക് 500ഓളം പേരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നത് കൊണ്ട് എല്ലാവരും എത്തിച്ചേരാന്‍ സാധ്യതയില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഇടത് മുന്നണിയുടെ എംഎല്‍എമാര്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ മാത്രമേ ഉണ്ടാകൂ.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ സ്റ്റേഡിയത്തില്‍ നിന്ന് അവരുടെ ഔദ്യോഗിക വാഹനത്തില്‍ ആദ്യ മന്ത്രിസഭാ യോഗത്തിനായി സെക്രട്ടറിയേറ്റിലേക്ക് പോകും. ക്ഷേമ പെന്‍ഷന്‍ വര്‍ധനവ്, കിറ്റ് വിതരണം തുടരുന്നത് അടക്കമുള്ള ജനകീയ തീരുമാനങ്ങള്‍ മന്ത്രിസഭായോഗത്തില്‍ ഉണ്ടായേക്കും. പ്രോം ടൈം സ്പീക്കറെ തെരഞ്ഞെടുക്കും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്താന്‍ വേണ്ടി നിയമസഭ സമ്മേളിക്കാനുള്ള തിയ്യതിയും മന്ത്രിസഭായോഗം തീരുമാനിക്കും. അഡ്വക്കേറ്റ് ജനറല്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ തുടങ്ങിയ നിയമനങ്ങളിലും തീരുമാനമുണ്ടായേക്കും. വിവിധ മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി ഇന്ന് ഗവര്‍ണറെ അറിയിക്കും.