പെട്ടിമുടി ഉരുൾപൊട്ടൽ; നാടിനെ നടുക്കിയ ദുരന്തത്തിന് രണ്ടാണ്ട്
|പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകളാണ്
ഇടുക്കി: പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. 2020 ആഗസ്റ്റ് ആറിനുണ്ടായ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ പൊലിഞ്ഞത് എഴുപത് മനുഷ്യ ജീവനുകളാണ്. രക്ഷപ്പെട്ടത് 12 പേർ, നാല് പേർ ഇന്നും കാണാമറയത്താണ്.
മൂന്നാറിൽ നിന്ന് 25 കിലോമീറ്റർ ദൂരെ കണ്ണൻ ദേവൻ കമ്പനിയുടെ പെട്ടിമുടി തേയില എസ്റ്റേറ്റിലേക്ക് 2020 ആഗസ്ത് ആറാം തീയതി രാത്രി 10.45ന് ഒഴുകിയെത്തിയ ഉരുൾ നാല് ലയങ്ങളാണ് തകർത്തത്. 22 തൊഴിലാളി കുടുംബങ്ങളെയും അവർ ഒരു ജീവിതകാലം കൊണ്ട് സ്വരുക്കൂട്ടിയ സർവ്വതിനെയും ഉരുള്‍ തുടച്ച് നീക്കി. പിറ്റേ ദിവസം പുലർച്ചെ മാത്രമാണ് ദുരന്തം പുറംലോകം അറിഞ്ഞത്.
തകർന്ന പെരിയവരൈ പാലം വഴിമുടക്കിയതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയിലായി. എന്‍.ഡി.ആര്.എഫ് ഉള്‍പ്പടെയുള്ള സേനകൾ സ്ഥലത്തെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപകടത്തിൽപ്പെട്ട 82 പേരിൽ പന്ത്രണ്ട് പേരെ മാത്രമാണ് രക്ഷിക്കാനായത്. തെരച്ചിൽ ആഴ്ചകൾ നീണ്ടു. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയപ്പോള്‍ നാല് പേർ ഇന്നും മണ്ണിനടിയിൽ എവിടെയോ ഉണ്ട്.