Kerala
youth congress_arrest
Kerala

സെക്രട്ടേറിയറ്റ് മാർച്ച്: അഞ്ചാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Web Desk
|
29 Dec 2023 9:33 AM GMT

യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സംസ്ഥാന ചെയർമാൻ സാജൻ ലാലാണ് അറസ്റ്റിലായത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ച് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ സംസ്ഥാന ചെയർമാൻ സാജൻ ലാലാണ് അറസ്റ്റിലായത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് സാജൻ ലാൽ.

പ്രതിപക്ഷനേതാവ് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരുന്നത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കലാപാഹ്വനത്തിനടക്കം കേസെടുത്തിട്ടുണ്ട്. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എ.ആർ ക്യാമ്പിൽ നിന്ന് ചാടിപ്പോയതിനുൾപ്പെടെ അഞ്ച് കേസുകളാണ് എടുത്തിരിക്കുന്നത്.

30 പ്രതികൾക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. തിരിച്ചടിക്കാൻ ഞങ്ങൾക്കുമറിയാം എന്ന പ്രസ്താവനയെ തുടർന്നാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിരിക്കുന്നത്.

രണ്ട് മണിക്കൂറോളം നീണ്ട തെരുവുയുദ്ധത്തിനാണ് സെക്രട്ടറിയേറ്റ് പരിസരം കഴിഞ്ഞ ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. നവകേരളാ സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ കല്യാശേരി മുതൽ കൊല്ലം വരെ പൊലീസും മുഖ്യമന്ത്രിയുടെ ഗൺമാനും ഡിവൈഎഫ്‌ഐ പ്രവർത്തകരും നടത്തിയ അതിക്രമത്തിന് എതിരെയായിരുന്നു സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ആയിരക്കണക്കിന് പ്രവ്രർത്തകരാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്.

Similar Posts