പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയത; അന്വേഷിക്കാൻ രണ്ടംഗ കമ്മീഷൻ
|ആനാവൂർ നാഗപ്പനും കെ.കെ ജയചന്ദ്രനുമാണ് ചുമതല
പാലക്കാട്: പാലക്കാട്ടെ സിപിഎമ്മിലെ വിഭാഗീയത രണ്ടംഗ കമ്മീഷൻ അന്വേഷിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പനും കെ.കെ ജയചന്ദ്രനുമാണ് ചുമതല. ജില്ലാ സമ്മേളനത്തിന് മുൻപും ശേഷവുമുള്ള വിഭാഗീയ പ്രവർത്തനം കമ്മീഷൻ പരിശോധിക്കും.
കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്ത് സിപിഎം വിഭാഗീയതയില്ലാതെയാണ് സിപിഎം മുന്നോട്ട് പോകുന്നത്. എന്നാൽ, പാലക്കാട് സ്ഥിതി വ്യത്യസ്തമാണ്. പ്രാദേശികതലത്തിൽ വലിയ തോതിലുള്ള വിഭാഗീയ പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. വലിയ തോതിലുള്ള പ്രശ്നമാണ് പല ബ്രാഞ്ച് സമ്മേളനങ്ങളിലും ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിലും ഉണ്ടായത്. ഏരിയാ സമ്മേളനങ്ങളിൽ എംഎൽഎമാർക്കെതിരെ മത്സരിക്കുകയും അവരെ ജില്ലാ പ്രതിനിധിയാക്കുന്നത് പോലും തടയുകയും ചെയ്തിരുന്നു.
വാളയാർ ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ പരസ്പരം കസേരയേറുവരെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ രണ്ടംഗ കമ്മീഷനെ സിപിഎം സംസ്ഥാന കമ്മിറ്റി നിയോഗിച്ചിരിക്കുന്നത്. ആനാവൂർ നാഗപ്പനും ജയചന്ദ്രനും നാളെ പാലക്കാട്ടെത്തുകയും ലോക്കൽ കമ്മിറ്റികളിൽ നിന്നും നേതാക്കളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്യും. തുടർന്ന് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് നൽകും.