മലപ്പുറത്ത് ഏഴ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നിരോധനാജ്ഞ
|മലപ്പുറത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തുകയുണ്ടായി
മലപ്പുറം ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭ, ചീക്കോട്, പുളിക്കൽ, പള്ളിക്കൽ, മൊറയൂർ, ചെറുകാവ്, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.
ഇന്ന് രാത്രി 9 മുതൽ ഈ മാസം 30 വരെയാണ് നിയന്ത്രണം. 30 ശതമാനത്തിന് മുകളിൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിരോധനാജ്ഞ പ്രകാരം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടാന്‍ പാടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും പൊതുഗതാഗതവുമെല്ലാം കര്‍ശനമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കും.
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തുകയുണ്ടായി. 1945 പേര്‍ക്കാണ് ഇന്നലെ കോവിഡ് ബാധിച്ചത്. 2020 ഒക്ടോബര്‍ 18ന് 1677 പേര് രോഗബാധിതരായ ശേഷം ഇത്രയധികം പേര് ഒരു ദിവസം മാത്രം വൈറസ് ബാധിതരാകുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച രോഗബാധിതരായവരില്‍ 1,818 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. 52 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വൈറസ് ബാധിതരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 65 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
ഇന്നലെ ജില്ലയില്‍ 159 പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,701 ആയി. ജില്ലയിലിപ്പോള്‍ 26,748 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11,069 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 317 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 187 പേരും 163 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 633 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.