വർഗീയ കലാപം: മതേതര ശക്തികൾ മൗനം വെടിയണം: ഐ.എൻ.എൽ
|വർഗീയ കലാപങ്ങളും ന്യൂനപക്ഷവിരുദ്ധ അക്രമണങ്ങളും ആസൂത്രിതമാണെന്നും സംഘ്പരിവാറും ബി.ജെ.പി സർക്കാരുകളുമാണ് ഇതിന് പിന്നിലെന്നും ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം
കോഴിക്കോട്: രാമ നവമി ആഘോഷത്തിനിടയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടമാടിയ വർഗീയ കലാപങ്ങളും ന്യൂനപക്ഷവിരുദ്ധ അക്രമണങ്ങളും ആസൂത്രിതമാണെന്നും സംഘ്പരിവാറും ബി.ജെ.പി സർക്കാരുകളുമാണ് ഇതിന് പിന്നിലെന്നും ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, ബീഹാർ, ജാർഖണ്ഡ്, ന്യൂഡൽഹി തുടങ്ങി ഏഴ് സംസ്ഥാനങ്ങളിൽ ഒരേ രീതിയിലുള്ള അക്രമണങ്ങൾ അരങ്ങേറിയതിൽനിന്ന് തന്നെ സംഭവം വളരെ ആസൂത്രിതമാണെന്ന് തെളിയുന്നുണ്ടെന്നും ആഘോഷങ്ങളുടെ പാവനത പിച്ചിച്ചിന്തിയാണ് ഹിന്ദുത്വശക്തികൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ടിരിക്കുന്നതെന്നും യോഗം വിലയിരുത്തി. അധികൃതരുടെ മേൽനോട്ടത്തിൽ മുസ്‌ലിംകളുടെ വീടുകളും കടകളും തകർത്തുവെന്നത് ഞട്ടിപ്പിക്കുന്നതാണെന്നും മധ്യപ്രദേശിലെ കാർഘോണിൽ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് ഒരു പ്രദേശത്തെ മുഴുവൻ വീടുകളും പൊലിസിന്റെ നേതൃത്വത്തിൽ തകർത്തെറിഞ്ഞത് സംസ്ഥാനത്താകെ ഭീതി വിതച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു.
ന്യൂനപക്ഷങ്ങളുടെ നിരവധി വീടുകളും ആരാധനലായങ്ങളും തകർത്തിട്ടും മതേതര പാർട്ടികൾ പോലും കാഴ്ചക്കാരായി നിൽക്കുകയാണ്. ഇരകളെ രക്ഷിക്കേണ്ട പൊലിസ് അക്രമികൾക്ക് സജീവമായി സഹായം ചെയ്തുകൊടുക്കുന്നുവെന്ന റിപ്പോർട്ടാണ് സംസ്ഥാനങ്ങളിൽനിന്ന് പുറത്തുവരുന്നത്. അയോധ്യ രഥയാത്രയുടെ കാലത്ത് നടമാടിയ വർഗീയാക്രമങ്ങൾക്ക് സമാനമായത് അരങ്ങേറിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ കക്ഷികളും മൗനം ദീക്ഷിക്കുന്നത് മതേതര-ജനാധിപത്യ സംവിധാനം രാജ്യത്ത് തകർന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം വർഗീയ കാലുഷ്യങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പ്രതിരോധം ഉയർത്തിയില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി തന്നെ ഇരുളടയുമെന്ന് ഐ.എൻ.എൽ മുന്നറിയിപ്പ് നൽകി.
യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. ബി. ഹംസ ഹാജി, സലാം കുരിക്കൾ, മൊയ്തീൻകുഞ്ഞി കളനാട്, എം.എം സുലൈമാൻ, അഷറഫലി വല്ലപ്പുഴ, ഒ.ഒ. ശംസു, കുഞ്ഞാവൂട്ടി ഖാദർ, ജിയാഷ് കരീം, എം. ഇബ്രാഹീം,എ.പി മുസ്തഫ, സാദാത്ത് ചാരുമൂട്, എ.എം ശരീഫ് കൊല്ലം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജന.സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും എം.എ ലത്തീഫ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ, സാംസ്‌കാരിക, മത രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു.
Secular forces must break silence on Communal riots : INL