Kerala
പൂജപ്പുര സെൻട്രൽ ജയിലിൽ സുരക്ഷ വർധിപ്പിക്കും; നിർദേശവുമായി എ.ഡി.ജി.പി
Kerala

പൂജപ്പുര സെൻട്രൽ ജയിലിൽ സുരക്ഷ വർധിപ്പിക്കും; നിർദേശവുമായി എ.ഡി.ജി.പി

Web Desk
|
22 Sep 2023 2:45 AM GMT

കൊലക്കേസ് പ്രതിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം. കൊലക്കേസ് പ്രതിയിൽ നിന്ന് മൊബൈൽ ഫോണും സിം കാർഡുകളും കണ്ടെടുത്ത സാഹചര്യത്തിലാണു നടപടി. ജയിൽ എ.ഡി.ജി.പിയാണു സുരക്ഷ വർധിപ്പിക്കാൻ ഡി.ഐ.ജിമാരുടെ യോഗത്തിൽ നിർദേശിച്ചത്.

കഴിഞ്ഞ മാസം 27-നാണു കൊലക്കേസ് പ്രതി റിയാസിൽ നിന്ന് മൊബൈൽ ഫോണും രണ്ട് സിമ്മുകളും കണ്ടെടുത്തത്. സംഭവത്തിൽ കഴിഞ്ഞ ദിവസം റിയാസിന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ഈ ഫോണിലേക്കു ജയിൽ ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾ വന്നിരുന്നുവെന്നു കണ്ടെത്തി.

18 ഉദ്യോഗസ്ഥർ ഈ ഫോണിൽ വിളിച്ചിരുന്നുവെന്നാണു വിവരം. കൂടാതെ, ഒരു ജയിൽ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു ലഹരിവിൽപ്പന സംഘത്തിൽ ഒരാളുടെ അക്കൗണ്ടിൽ നിന്നു പണം വന്നതായും കണ്ടെത്തി. ഈ ജയിൽ ഉദ്യോഗസ്ഥനെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. സംഭവത്തേക്കുറിച്ചു വിശദ റിപ്പോർട്ട് ജയിൽ സൂപ്രണ്ടിൽ നിന്ന് എ.ഡി.ജി.പി ആവശ്യപ്പെട്ടു.

കാന്റീനിലേക്കു സാധനം കൊണ്ടുപോകുന്നതിലും പുറത്തു ജോലിക്കു പോയി തിരികെ വരുന്നവരുടെ കാര്യത്തിലും പരിശോധന കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കാന്റീൻ വഴി ജയിലിനുള്ളിലേക്കു വൻതോതിൽ എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിയതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. കൂടാതെ ജയിൽ ഉദ്യോഗസ്ഥന്റെ കൈയിൽ നിന്നടക്കം കഞ്ചാവ് പിടിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് എ.ഡി.ജി.പി ഡി.ഐ.ജിമാരുടെ യോഗം വിളിച്ചതും സുരക്ഷ വർധിപ്പിക്കാൻ നിർദേശിച്ചതും.

Similar Posts