Kerala
രാജ്യദ്രോഹനിയമം: കോടതി ഉത്തരവ് കൂരിരുട്ടിലെ പ്രകാശ രേഖ- ഐ.എന്‍.എല്‍
Kerala

രാജ്യദ്രോഹനിയമം: കോടതി ഉത്തരവ് കൂരിരുട്ടിലെ പ്രകാശ രേഖ- ഐ.എന്‍.എല്‍

Web Desk
|
11 May 2022 2:14 PM GMT

പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇന്നത്തെ അവസ്ഥക്ക് നിയമം എടുത്തുകളയുന്നതോടെ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍

കോഴിക്കോട്: പൗരസ്വാതന്ത്ര്യം ഹനിക്കുന്നതിന് ഭരണകൂടം ഇന്നലെ വരെ ആയുധമാക്കിയ ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹനിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കൂരിരുട്ടിലെ പ്രകാശ രേഖയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

''രാജ്യദ്രോഹകുറ്റം ചുമത്താന്‍ പ്രയോഗിക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പിന്‍റെ സാധുത പുനഃപരിശോധിക്കുന്നത് വരെ പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന പരമോന്നത നീതിപീഠത്തിന്‍റെ നിര്‍ദേശം ഈ വകുപ്പ് എടുത്തുകളയണമെന്നാവശ്യവുമായി പതിറ്റാണ്ടുകളായി രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം നടത്തുന്നവര്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്നു. രാജ്യദ്രോഹ കുറ്റം ചുമത്തി 13,000 പേര്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ഇനി ജാമ്യം തേടാവുന്നതേയുള്ളൂ.''

കോളനിവാഴ്ചക്കാരുടെ ഇംഗിതങ്ങള്‍ നടപ്പാക്കാന്‍ പ്രയോഗിച്ച കിരാത നിയമം മൂലം നിരപരാധികളും ആലംബഹീനരുമാണ് എന്നും ഇരയാവുന്നതെന്ന് തെളിയിക്കപ്പെട്ടതാണ്. സ്വേച്ഛാധിപതികളും വര്‍ഗീയ പക്ഷപാതികളുമായ ഭരണകര്‍ത്താക്കളുടെ മുന്നില്‍ പൗരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇന്നത്തെ അവസ്ഥക്ക് നിയമം എടുത്തുകളയുന്നതോടെ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Similar Posts