ഞാറക്കല്‍ പൊലീസ് വീട് കുത്തിത്തുറന്നു, 10 പവന് കാണാനില്ല; പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍
|മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് സീന ഭാസ്കര്‍ പരാതി നല്‍കിയത്
കൊച്ചി: ഞാറക്കല്‍ പൊലീസ് വീട് കുത്തിത്തുറന്നുവെന്ന് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറിന്റെ പരാതി. വീട്ടില്‍ സൂക്ഷിച്ചിരുന്ന 10 പവന് സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നും പരാതിയിലുണ്ട്. എന്നാൽ കത്തിക്കുത്ത് കേസിലെ പ്രതി ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനാല്‍ വീട് പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.
മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കുമാണ് സീന ഭാസ്കര്‍ പരാതി നല്‍കിയത്. മകളുടെ പഠനാവശ്യവുമായി ഡല്‍ഹിയില്‍ ആണ് ഇപ്പോള്‍ താമസമെന്നും വടുതലയിലെ വാടകക്ക് നല്‍കിയിരുന്ന വീട് തിങ്കളാഴ്ച പൊലീസ് കുത്തിത്തുറന്നുവെന്നും പരാതിയില്‍ പറയുന്നു. വീടിന്റെ തട്ടിന്‍പുറത്ത് സൂക്ഷിച്ചിരുന്ന പത്ത് പവന് ആഭരണങ്ങള്‍ കാണാതായെന്നും പരാതിയിലുണ്ട്.
വീട്ടില്‍ താമസിച്ചിരുന്ന കത്തിക്കുത്ത് കേസിലെ പ്രതിക്ക് വേണ്ടിയുള്ള സാധാരണ പരിശോധനയാണ് നടന്നതെന്നും പ്രതിയുടെ ഫോട്ടോ സമീപവാസികള്‍ തിരിച്ചറിഞ്ഞതാണെന്നും ഞാറക്കല്‍ പൊലീസ് വ്യക്തമാക്കി. പ്രതികള്‍ ഭായ് നസീറിന്റെ ഗുണ്ടാസംഘത്തില്‍ പെട്ടവരാണെന്നും വീടിനകത്ത് ലൈറ്റും ഫാനും കണ്ടതിനാലാണ് വാതില്‍ തകര്‍ത്ത് അകത്ത് കയറിയതെന്നുമാണ് വിശദീകരണം.