നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വില്പന: റോബിൻ ജോർജിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി
|18 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ റോബിൻ പൊലീസിനോട് സഹകരിച്ചിരുന്നില്ല
കോട്ടയം: നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കേസിലെ റോബിൻ ജോർജിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകി. കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡി അപേക്ഷയിൽ ഇന്ന് ഉത്തരവ് പറയും. റോബിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഘാഗങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുവെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
18 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ റോബിൻ പൊലീസിനോട് സഹകരിച്ചിരുന്നില്ല. സുഹൃത്ത് പൂവന്തുരുത്ത് സ്വദേശി അനന്ദു പ്രസന്നൻ തന്നെ കുടുക്കിയതാനെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് റോബിൻ. പിടിച്ചെടുത്ത ഫോണിൽ നിന്നും കേസിൽ നിർണായകമായ വിവരങ്ങൾ പോലീസിന് ലഭിച്ചു.
വീട് വളഞ്ഞപ്പോൾ റോബിനെ രക്ഷപ്പെടാനും തമിഴ്‌നാട്ടിൽ എത്തിക്കാൻ വഴിയൊരുക്കിയതിലും സഹായിച്ചവരെ പ്രതിചേർക്കും. കൂടുതൽ പേരുടെ സഹായം ഇയാൾക്ക് ലഭിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി. റോബിന്റെ ഫോൺ രേഖകളും ബാങ്ക് ഇടപാട് വിവരങ്ങളും പൊലീസ് ശേഖരിച്ചു.