'തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദു- മുസ്ലിം വിഭാഗീയത ഉണ്ടാക്കുന്നു, ബിജെപി അജണ്ടക്കെതിരെ ഒന്നിക്കണം'; സിപിഎം സെമിനാറിൽ നേതാക്കൾ
|സിപിഎം നേതാക്കൾ സംസാരിച്ചതിന് ശേഷം സിപിഐക്ക് മുന്നേ സംസാരിക്കാൻ ക്ഷണിച്ചത് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയെയാണ്.
കോഴിക്കോട്: ഏകസിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിച്ച സെമിനാർ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഹിന്ദു- മുസ്ലിം ധ്രുവീകരണം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ബിജെപിയുടെ ഏകസിവിൽകോഡ് എന്നായിരുന്നു യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കളുടെ അഭിപ്രായം. വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തണമെന്നും എന്നാൽ അടിച്ചേൽപ്പിക്കുന്ന രീതിയിലാകരുതെന്നും സീതാറാം യെച്ചൂരി സെമിനാർ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അതത് വിഭാഗങ്ങളുമായി ചർച്ച തടത്തി വേണം വ്യക്‌തി നിയമം പരിഷ്കരിക്കണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ അജണ്ട എന്ന നിലയിൽ ഏകസിവിൽകോഡിനെതിരെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും യെച്ചൂരി ആഹ്വാനം ചെയ്തു. തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹിന്ദു - മുസ്ലിം വിഭാഗീയത ഉണ്ടാക്കുന്നുവെന്നാണ് ഗോവിന്ദൻ പറഞ്ഞത്. സിപിഎം നേതാക്കൾ സംസാരിച്ചതിന് ശേഷം സി പി ഐക്ക് മുന്നേ സംസാരിക്കാൻ ക്ഷണിച്ചത് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയെയാണ്.
ജോസ് കെ മാണി സംസാരിച്ചതിന് ശേഷമാണ് സിപിഐ പ്രതിനിധി ഇകെ വിജയനെ വിളിച്ചത്. സിപിഎം യോഗങ്ങളിലെ പതിവ് ശ്രേണികളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്. തുടർന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം സംസാരിച്ചു. ഏകസിവിൽ കോഡ് ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്തതാണെന്ന് ഉമർ ഫൈസി പ്രതികരിച്ചു. ഏകസിവിൽകോഡിനെതിരെ ആര് രംഗത്തു വന്നാലും സമസ്ത കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. സിപിഎം സെമിനാറിൽ പങ്കെടുക്കുന്നത് സംബന്ധിച്ച സമസ്തക്കകത്തെ എതിർപ്പുകളെയും അദ്ദേഹം തള്ളി
എപി വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സംസാരിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇടതുപക്ഷം എന്നും ഉണ്ട് എന്നത് കരുതാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. വിവിധ മതസംഘടനകളെ പ്രതിനിധീകരിച്ച് ആളുകൾ സെമിനാറിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും ഏകസിവിൽകോഡിനെതിരായ സിപിഎം നീക്കത്തിൽ പിന്തുണ പ്രഖ്യാപിച്ചു.
ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ നടക്കുന്ന ആദ്യ ജനകീയ പരിപാടിയാണ് കോഴിക്കോട് സ്വപ്ന നഗരിയിൽ നടക്കുന്ന സി പി എമ്മിൻ്റെ ജനകീയ ദേശീയ സെമിനാർ.
എല്‍ ഡി എഫിലെ വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് എളമരം കരീം, ഇ കെ വിജയന്‍, ജോസ് കെ മാണി ശ്രേയാംസ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. രണ്ടു വിഭാഗം സമസ്തകളെ പ്രതിനിധീകരിച്ച് സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല , ഉമർഫൈസി, പി എം അബ്ദുസലാം ബാഖവി തുടങ്ങിയവർ സെമിനാറില്‍ സംസാരിച്ചു. മുജാഹിദ് സംഘടനാ നേതാക്കളും എം ഇ എസും സെമിനാറിന്റെ ഭാഗമാകും.
താമരശ്ശേരി രൂപതയുടെ സി എസ് ഐ സഭയുടെയും പ്രതിനിധികളാണ് ക്രിസ്ത്യന്‍ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളും എസ് എന്‍ ഡി പി പ്രതിനിധിയും സെമിനാറില്‍ പങ്കെടുക്കുന്നുണ്ട്. സെമിനാറിനെ വലിയ വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സി പി എം.