കണ്ണൂർ നേഹർ കോളേജിൽ വിദ്യാർഥിക്ക് മർദനമേറ്റ കേസിൽ ആറ് സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു
|കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം വർഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാർഥി ചെക്കിക്കുളം സ്വദേശി പി. അൻഷാദിന് മർദനമേറ്റത്.
കണ്ണൂർ കാഞ്ഞിരോട് നേഹർ കോളേജിൽ വിദ്യാർഥിക്ക് മർദനമേറ്റ കേസിൽ ആറ് സീനിയർ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. റാഗിംഗ് ആണെന്ന പരാതിയിലാണ് അറസ്റ്റ്. അവസാന വർഷ ബിരുദ വിദ്യാർഥികളായ മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടാം വർഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാർഥി ചെക്കിക്കുളം സ്വദേശി പി. അൻഷാദിന് മർദനമേറ്റത്.
പെൺകുട്ടികളുമായി സംസാരിച്ചത് ചോദ്യം ചെയ്താണ് മർദനമുണ്ടായത് എന്നാണ് അൻഷാദ് ആദ്യം പൊലീസിന് നൽകിയ മൊഴി. മർദനമേറ്റ അൻഷാദ് മണിക്കൂറുകളോളം ബോധരഹിതനായി കിടന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട് ചക്കരക്കൽ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും റാഗിംഗാണെന്ന നിഗമനത്തിൽ പൊലീസെത്തിയിരുന്നില്ല. കോളജിലെ റാഗിംഗ് വിരുദ്ധസമിതി ഇത് റാഗിംഗാണെന്ന റിപ്പോർട്ട് പൊലീസിന് നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് ആറു വിദ്യാർഥികളെ റാഗിംഗ് വിരുദ്ധ നിയമമനുസരിച്ച് അറസ്റ്റ് ചെയ്തത്.