അട്ടപ്പാടി മധുവധക്കേസിൽ ശിക്ഷാവിധി ഇന്ന്; കേസിൽ പതിനാല് പേർ കുറ്റക്കാർ
|പ്രതികൾക്കെതിരെ തെളിഞ്ഞത് പത്ത് വർഷംവരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകൾ
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് മണ്ണാർക്കാട് എസ്.സി എസ്.ടി കോടതി ഇന്ന് ശിക്ഷ വിധിക്കും. 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി രണ്ട് പേരെ വെറുതെ വിട്ടിരുന്നു.
13 പ്രതികൾക്ക് എതിരെയും മനപ്പൂർവമല്ലത്ത നരഹത്യകുറ്റമാണ് ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പാണിത്. ഒന്നാം പ്രതി ഹുസൈന് എതിരെ എസ്.സി- എസ്.ടി അട്രാസിറ്റി ആക്റ്റ് പ്രകാരം ഉള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി.
രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി പി.സജീവ്, പതിമൂന്നാം പ്രതി സതീഷ് , പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്ക് എതിരെ എസ്.സി - എസ്.ടി അട്രാസിറ്റി ആക്റ്റ് പ്രകാരമുള്ള വകുപ്പും നിലനിൽക്കും. പതിനാറാം പ്രതി മുനീറിന് ഐ.പി.സി 352 പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പരമവധി 3 മാസം തടവാണ് ശിക്ഷ. നേരത്തെ ജയിൽവാസം അനുഭവിച്ചതിനാൽ മുനീറിന് ഇനി ശിക്ഷ അനുഭവിക്കേണ്ടിവരില്ല. 500 രൂപ പിഴയടക്കേണ്ടിവരും. 11 മണിക്ക് തന്നെ ശിക്ഷ വിധിക്കും.