'വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്വകാര്യ സ്ഥാപനത്തിന് വിറ്റു'; എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം
|'സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ശേഖരിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്വക്വാര്യ സ്ഥാപനത്തിന് പണം കൈപ്പറ്റി കൈമാറി'; എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി എംഎ.സ്.എഫ് വൈസ് പ്രസിഡൻറ്
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി എംഎ.സ്.എഫ് വൈസ് പ്രസിഡൻറ് ഷെഫീക്ക് വഴിമുക്ക്. സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ശേഖരിച്ച വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്വകാര്യ സ്ഥാപനത്തിന് പണം കൈപ്പറ്റി കൈമാറിയെന്നാണ് ആരോപണം. ആരോപണം അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും എം.എസ്.എഫ് അറിയിച്ചു.
എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാൻറെ പേരിൽ സംഘടിപ്പിച്ച എഡ്യുകെയർ സ്കോളർഷിപ്പ് പദ്ധതിയുടെ പേരിൽ ഗുരുതര ക്രമക്കേട് നടന്നെന്നാണ് ഷെഫീക്ക് വഴിമുക്കിൻറെ ആരോപണം. ഒരു ചർച്ചയും കൂടിയാലോചനയും നടത്താതെയാണ് പദ്ധതി സംഘടിപ്പിച്ചതെന്നും, പദ്ധതിക്കായി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ വിശദവിരങ്ങൾ സ്പോൺസർമാരായ രണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വൻതുക കൈപ്പറ്റി നവാസ് വിൽപന നടത്തിയെന്നും ഷെഫീക്ക് ആരോപിക്കുന്നു. വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും ഷെഫീക്ക് പറഞ്ഞു.
പദ്ധതി പ്രകാരം നാല്പ്പത് കുട്ടികളെ പൂർണമായും സൗജന്യമായി വിദ്യാഭ്യാസം നൽകുന്നതിന് കണ്ടെത്തി. ഇതിൽ 30 വിദ്യാർത്ഥികൾ രണ്ട് സ്ഥാപനങ്ങളിലായി അഡ്മിഷൻ നേടിയെന്നും ആരോപണം നിഷേധിച്ച പി.കെ നവാസ് പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളായ നാല്പ്പത് വിദ്യാർത്ഥികൾക്കും, എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ റസിഡൻഷ്യൽ സ്കൂളിലാണ് സൗജന്യ പഠനമെന്നും നവാസ് വിശദീകരിച്ചു. സംഘടനയിൽ നിന്ന് നടപടി നേരിട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും, വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.എസ്.എഫ് വ്യക്തമാക്കി.