വിദ്യാർഥിക്ക് കഞ്ചാവ് നൽകാൻ ശ്രമിച്ച കേസ്: പ്രതിക്കെതിരെ പോക്സോ കേസെടുത്തു
|ലൈംഗിക പീഡനത്തിനും കേസെടുത്തു
കോഴിക്കോട്: വിദ്യാർഥിക്ക് കഞ്ചാവ് കൈമാറാൻ ശ്രമിച്ച കേസിലെ പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു. കൊല്ലം പരവൂർ സ്വദേശി അൻസാറിനെതിരെ പോക്സോ വകുപ്പിലെ സെക്ഷൻ 5, 6 എന്നിവ ചുമത്തി.. പ്രതിക്കെതിരെ ലൈംഗിക പീഡനത്തിനും കേസെടുത്തു.
കോഴിക്കോട് നഗരത്തിൽ വിദ്യാർഥികൾക്കിടയിൽ കഞ്ചാവ് വിൽക്കുന്നയാളെ ആസൂത്രിതമായാണ് ചൊവ്വാഴ്ച കുടുക്കിയത്. മയക്കുമരുന്നിൽ നിന്നും മോചിതനായ വിദ്യാർഥിയുടെ പിതാവ് ആണ് ഇയാളെ കുടുക്കിയത്. വിൽപ്പനക്കാരനെ കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വിളിച്ചുവരുത്തി പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
നർക്കോട്ടിക് സെല്ലും പൊലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസർ. മുപ്പത്തി അഞ്ചോളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നർക്കോട്ടിക് സെല്ലിന് ലഭിച്ചത്. എന്നാൽ ഇയാളുടെ പക്കൽനിന്ന് മതിയായ തെളിവുകളൊന്നും ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തനായ വിദ്യാർഥിയുടെ പിതാവ് ആസൂത്രിതമായി നടത്തിയ ഓപ്പറേഷനിലൂടെ ഇയാളെ പിടികൂടുകയായിരുന്നു.
നാട്ടുകാർ ഉൾപ്പെടെയുള്ളവരുടെ സഹായത്താല്‍ തളി ക്ഷേത്രപരിസരത്തുവെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽനിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കസബ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.