'സർക്കാർ സ്കോളർഷിപ്പിൽ വ്യാപകമായ ക്രമക്കേട്' ; ആത്മഹത്യയുടെ വക്കിലെന്ന് വിദ്യാർത്ഥിനി
|വീടിൻ്റെ ആധാരം പണയം വെച്ചാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും വിദ്യാർത്ഥിനി വീഡിയോയിൽ പറയുന്നുണ്ട്.
പിന്നോക്ക വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണമുന്നയിച്ച് തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനി. യു കെയിലെ സസെക്സ് സർവ്വകലാശാലയിൽ എം എ സോഷ്യൽ ആന്ത്രോപോളജി വിഭാഗം വിദ്യാർത്ഥിനി ഹഫീഷ ടി ബിയാണ് ആരോപണം ഉന്നയിക്കുന്നത്.മാനദണ്ഡങ്ങൾ പാലിച്ചല്ല സ്കോളർഷിപ്പ് നൽകിയതെന്നും നൂറ് ശതമാനവും തനിക്ക് ലഭിക്കുമെന്ന് കരുതിയതാണെന്നും ഹഫീഷ വീഡിയോയിൽ കരഞ്ഞു പറയുന്നുണ്ട്. മാർക്കും അക്കാദമിക് ഹിസ്റ്ററിയും പരിഗണിക്കാതെ കുടിയേറ്റത്തിനായി പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയതെന്നും വിദ്യാർത്ഥിനി പറയുന്നു.
സ്കോളർഷിപ്പ് മെറിറ്റ് മാനദണ്ഡത്തെ കുറിച്ചറിയാൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ തനിക്ക് മറുപടി കിട്ടിയത് രണ്ട് മാസത്തിനു ശേഷമാണ് . പാർട് ടൈമായി കെയർ ടേക്കർ ജോലി നോക്കിയാണ് ഇവിടത്തെ ചെലവ് കഴിയുന്നതെന്നും വീഡിയോയിൽ പറയുന്നു.വീടിൻ്റെ ആധാരം പണയം വെച്ചാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും വിദ്യാർത്ഥിനി അവസാനമായി വീഡിയോയിൽ പറയുന്നുണ്ട്.