Kerala
Hema committee report updates, Malayalam cinema, Mollywood
Kerala

'രാത്രി രണ്ടുമണിക്ക് റൂമിൽ അനക്കം കേട്ട് നോക്കിയപ്പോൾ കട്ടിലിനടുത്ത് ഒരാൾ, നിലവിളിച്ച് പുറത്തേക്കോടിയെന്ന് നടി’

Web Desk
|
20 Aug 2024 2:20 PM GMT

കിടപ്പുമുറിയിലും സുരക്ഷ ഇല്ലെന്ന് നടിമാരുടെ സാക്ഷി മൊഴി, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതരവെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: അടിസ്ഥാന സൗകര്യമില്ലാത്ത ഹോട്ടൽ മുറിയിൽ നിന്നും അർദ്ധരാത്രിയിൽ അജ്ഞാതനെ കണ്ടിറങ്ങി ഓടേണ്ടിവന്നുവെന്ന് ഹേമാ കമ്മിറ്റിക്ക് മുൻപിൽ നടിയുടെ വെളിപ്പെടുത്തൽ

രാത്രി രണ്ടുമണിക്ക് എന്തോ അനക്കം കേട്ട് ഉണർന്നതാണ് അവർ. കണ്ണ് തുറന്നപ്പോൾ കട്ടിലിന് താഴെ തനിക്ക് സമീപത്തായി ഒരാൾ ഇരിക്കുന്നു. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ അവർ അസിസ്റ്റൻ്റിൻ്റെ മുറിയിൽ അഭയം തേടി. പിന്നാലെ പോലീസിൽ പരാതി നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല.നിർമാതാവിനോട് അന്വേഷിച്ചപ്പോൾ സിനിമയെ ബാധിക്കുമത്രെ.ഹോട്ടലിൽ എത്തിയപ്പോൾ തന്നെ വേണ്ടത്ര വെളിച്ചവും സിസിടിവി ക്യാമറകളും ഇല്ലാത്തത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു എന്നും നടി പറഞ്ഞു.

പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഏറെ ദൂരെയാകും സ്ത്രീകളുടെ താമസം. ലോഡ്ജുകളോ ആളൊഴിഞ്ഞ വീടുകളോ ആകും ഇതിൽ ഭൂരിഭാഗവും. ദിവസങ്ങളോളം താമസിക്കുന്ന വീട്ടുവരാന്തയിലെ സോഫയിൽ രാത്രികൾ കഴിച്ചുകൂട്ടേണ്ടി വന്ന പെൺകുട്ടിയുടെ അനുഭവവും റിപ്പോർട്ട് വിവരിക്കുന്നു.

സ്ത്രീകളുടെ സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും ഒരു വിലയും നൽകാത്ത ഇടമായി മലയാളസിനിമ മാറുന്നു എന്ന് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. പലപ്പോഴും യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത ലോഡ്ജ് മുറികൾ സ്ത്രീകൾക്കുള്ള താമസസ്ഥലങ്ങളായി തെരഞ്ഞെടുക്കുന്നുവെന്നും നടിമാർ വെളിപ്പെടുത്തുന്നു.

Related Tags :
Similar Posts