എ രാജയ്ക്ക് തിരിച്ചടി; സ്റ്റേ നീട്ടണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
|അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഇത് ദീർഘിപ്പിക്കണമെന്നായിരുന്നു രാജയുടെ ആവശ്യം
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിൽ എ രാജയ്ക്ക് തിരിച്ചടി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്ന രാജയുടെ ഹരജി ഹൈക്കോടതി തളളി. അപ്പീൽ നൽകുന്നത് പരിഗണിച്ച് നേരത്തെ പത്തുദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നു. ഇത് ദീർഘിപ്പിക്കണമെന്നായിരുന്നു രാജയുടെ ആവശ്യം. എന്നാൽ, സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത് പരിഗണിച്ച് ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ സുപ്രിംകോടതിയിൽ അപ്പീൽ നൽകിയത്. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്നും രാജ അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.സോമരാജന്റെ സിംഗിൾ ബെഞ്ച് രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയത്. എതിർ സ്ഥാനാർഥി ഡി.കുമാർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. പട്ടികജാതി സംവരണ മണ്ഡലത്തിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു കുമാറിന്റെ വാദം.