കൊച്ചിയിൽ 15 കിലോ കഞ്ചാവുമായി ഏഴ് പേർ പിടിയിൽ: എത്തിച്ചത് പച്ചക്കറി വാഹനങ്ങളിൽ
|രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി
കൊച്ചി: എറണാകുളം അമ്പലമേടിൽ 15 കിലോ കഞ്ചാവുമായി ഏഴ് പേർ അറസ്റ്റിൽ. അമ്പലമേടിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ കഞ്ചാവ് വിൽപ്പന.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിതരണത്തിനായി ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഒഡീഷയിലെ കഞ്ചാവ് മാഫിയകളിൽ നിന്ന് ഇടനിലക്കാരൻ വഴി വാങ്ങി തമിഴ്നാട് വഴിയാണ് കഞ്ചാവ് സംസ്ഥാനത്ത് എത്തിക്കുന്നത്. അതിന് ശേഷം കേരളത്തിലേക്ക് വരുന്ന പച്ചക്കറി വാഹനങ്ങളിൽ ഇത് കയറ്റി അയയ്ക്കും. തുടർന്ന് ഹൈവേയിൽ ഒഴിഞ്ഞ പ്രദേശത്ത് വാഹനം നിർത്തി ഏജന്റുമാർ ഇത് ശേഖരിച്ച് കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലെത്തിക്കും.
പിന്നീട് രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. കരുനാഗപ്പിള്ളി സ്വദേശികളായ ജ്യോതിസ്,ശ്രീലാൽ , ഹരികൃഷ്ണൻ, ദിലീപ്, മേഘ ചെറിയാൻ ,ശില്പശ്യാം എറണാകുളം സ്വദേശിയായ അക്ഷയ് രാജ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പ്രതികളിൽ ബോക്സർ ദിലീപ് എന്നു വിളിപ്പേരുള്ള ദിലീപ് കൊല്ലം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർ കെ.സേതുരാമയ്യർ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.