മ്യൂസിയത്തിലെ അതിക്രമം: ഒരാൾ കസ്റ്റഡിയിൽ; ഏഴ് പേരെ വിട്ടയച്ചു
|സി.സി.ടി.വി ദൃശ്യങ്ങളുടേയും രേഖാചിത്രത്തിന്റേയും അടിസ്ഥാനത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
തിരുവനന്തപുര: മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളുടേയും രേഖാചിത്രത്തിന്റേയും അടിസ്ഥാനത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
ഇയാൾക്ക് മുമ്പ് ഏഴ് പേരെ കസ്റ്റഡിയിലെത്ത് ആക്രമണത്തിന് ഇരയായ സ്ത്രീയെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇവരെ വിട്ടയയ്ക്കുകയായിരുന്നു. നിലവിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നയാളുടെ തിരിച്ചറിയൽ പരേഡ് നടത്തിയിട്ടില്ല.
നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഏഴ് പേരിൽ ആരെയും തിരിച്ചറിയാത്ത സാഹചര്യത്തിൽ അന്വേഷണവും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടെങ്കിലും നാലു ദിവസമായി മറ്റ് തെളിവുകളൊന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. യുവതി ആക്രമിക്കപ്പെട്ട ദിവസം കുറവൻകോണത്ത് വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഇതേ പ്രതിയാണെന്ന് വീട്ടുടമ ആരോപിച്ചിരുന്നു.
ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനെയും ഉൾപ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്.
പൊലീസിനു വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അതിക്രമത്തിന് ഇരയായ സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡി.സി.പി അജിത് കുമാർ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം വരച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളും പരിശോധിച്ച് വരികയാണ്. എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടുമെന്നും ഡി.സി.പി വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു. തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പായ ലൈംഗികാതിക്രക്കുറ്റം കൂടി ചുമത്തുകയായിരുന്നു.