മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി
|ജൂനിയർ വനിതാ ഡോക്ടറുടെ പരാതിയിൽ സർജനായ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു
കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കെതിരെ ലൈംഗിക പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറുടെ പരാതിയിൽ സർജനായ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണ വിധേയമായി ഡോക്ടറെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജനായ ഡോക്ടർ സെർബിൻ മുഹമ്മദ് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് ജൂനിയർ വനിതാ ഡോക്ടറുടെ പരാതി. ആശുപത്രിയിൽ ഡോക്ടറുടെ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിനാണ് ആദ്യം പരാതി നൽകിയത്. രണ്ടാഴ്ച മുൻപ് വകുപ്പ് തല അന്വേഷണം നടത്തിയ ശേഷം സെർബിൻ മുഹമ്മദിനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലീസിന് കൈമാറിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ജൂനിയർ ഡോക്ടറുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തി.
മദ്യ ലഹരിയിൽ ആയിരുന്നു സെർബിൻ മുഹമ്മദിന്‍റെ പീഡനശ്രമം എന്നും പരാതിക്കാരി മൊഴി നൽകി. കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. ഡോക്ടറെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് ഡോക്ടർ സെർബിൻ മുഹമ്മദ്. യുവ ഡോക്ടറുടെ പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം മെഡിക്കൽ കോളജിൽ എത്തി തെളിവുകൾ ശേഖരിച്ചു. ആരോപണ വിധേയനായ ഡോക്ടർ മദ്യപിച്ച ശേഷം ഡ്യൂട്ടിക്ക് എത്തിയിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.