മണിയൻപിള്ള രാജു, ഇടവേള ബാബു, നോബിൾ, അഡ്വ. ചന്ദ്രശേഖരന്; കൂടുതൽ പേർക്കെതിരെ കേസ്
|'ടാ തടിയാ' സിനിമയുടെ സെറ്റിൽ പീഡിപ്പിച്ചെന്നാണ് മണിയൻപിള്ള രാജുവിനെതിരായ പരാതി
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ കൂടുതൽ പേർക്കെതിരെ കേസെടുത്തു. നടന്മാരായ മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രോഡക്ഷൻ കൺട്രോളർ നോബിൾ, കോണ്ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖരന് എന്നിവർക്കെതിരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതേ നടിയുടെ പരാതിയിൽ നേരത്തെ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ കേസെടുത്തിരുന്നു.
എറണാകുളം നോർത്ത് പൊലീസ് ആണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. 'അമ്മ'യിൽ അംഗത്വം വാഗ്ദാനം ചെയ്തായിരുന്നു പീഡനം. അംഗത്വത്തിന് അപേക്ഷ നൽകാൻ ഫ്ളാറ്റിലേക്ക് വിളിച്ച് പീഡിപ്പിച്ചുവെന്നാണു പരാതിയിൽ പറയുന്നത്. 'ടാ തടിയാ' സിനിമയുടെ സെറ്റിൽ പീഡിപ്പിച്ചെന്നാണ് മണിയൻപിള്ള രാജുവിനെതിരായ പരാതി. പരാതിയിൽ ഐ.പി.സി 376(1) പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. പ്രൊഡക്ഷൻ കൺട്രോളർ നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റർ ചെയ്തു.
ചന്ദ്രശേഖരനെതിരെ രണ്ടാം പ്രതിയാക്കിയാണ് കേസെടുത്തത്. ലോയേഴ്സ് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനാണ് ഇയാള്. പീഡന പരാതിക്കു പിന്നാലെ ചന്ദ്രശേഖരന് ഇന്നലെ രാജിവച്ചിരുന്നു.
നേരത്തെ മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസിന്റെ തുടർനടപടികളിലേക്ക് പൊലീസ് കടന്നത്. പരാതിക്കാരിയുടെ മൊഴിപ്പകർപ്പ് ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറിയിരുന്നു. നടിക്കെതിരെ ചൂഷണം നടന്നുവെന്ന് ആരോപണം ഉന്നയിച്ച സ്ഥലങ്ങളുടെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്യുക. സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരത്തും കേസ് രജിസ്റ്റർ ചെയ്തു.
Summary: Sexual abuse cases filed against actors Maniyanpilla Raju, Edavela Babu and production controller Noble