Kerala
കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് ദുരനുഭവം; കണ്ടക്ടർക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് മന്ത്രി
Kerala

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് ദുരനുഭവം; കണ്ടക്ടർക്കെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് മന്ത്രി

Web Desk
|
7 March 2022 8:02 AM GMT

കണ്ടക്ടറുടെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായെന്ന് റിപ്പോർട്ട്

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കണ്ടക്ടറുടെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായെന്ന് റിപ്പോർട്ട്. ഇന്ന് തന്നെ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കൃത്യ സമയത്ത് തന്നെ അധ്യാപിക പ്രതികരിച്ചത് അഭിനന്ദനാർഹമെന്നും മന്ത്രി വ്യക്തമാക്കി.

കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യ വിലോപം ഉണ്ടായി. ഇന്നലെ തന്നെ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയെന്നും എത്രയും വേഗം നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. യാത്രക്കാർക്ക് സുരക്ഷ നൽകാൻ ജീവനക്കാർക്ക് ബാധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയുളള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്ച രാത്രി രണ്ടരയോടെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് അധ്യാപികക്ക് മോശം അനുഭവം ഉണ്ടായത്. എറണാകുളത്തിനും തൃശൂരിനും മധ്യേ കെ. എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രികൻ ശരീരത്തിൽ സ്പർശിച്ചു എന്ന വിവരം ഫേസ്ബുക്ക് വഴിയാണ് അധ്യപിക പങ്കുവച്ചത്.

കണ്ടക്ടറുടെ ഭാഗത്ത് നിന്നുള്ള നിസംഗതയെ കുറിച് യുവതി വീഡിയോയിൽ പറഞ്ഞിരുന്നു. താന്‍ ഉറക്കെ സംസാരിച്ചിട്ടുപോലും കണ്ടക്ടറോ മറ്റു യാത്രക്കാരെ ഒരു വാക്കുപോലും അയാള്‍ക്കെതിരെ പറഞ്ഞില്ലെന്ന് അധ്യാപിക വിശദീകരിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചുറ്റുമുള്ള മനുഷ്യർ കട്ടയ്ക്ക് കൂടെനില്‍ക്കുമെന്ന ധൈര്യത്തിലാണ് തനിച്ച് യാത്ര ചെയ്യാറുള്ളത്. ഒന്നും പറയാനില്ലേ എന്ന് കണ്ടക്ടറോട് ചോദിച്ചപ്പോള്‍ അയാള്‍ സോറി പറഞ്ഞില്ലേ പിന്നെന്തിനാണ് പ്രശ്നമുണ്ടാക്കുന്നതെന്നാണ് കണ്ടക്ടര്‍ ചോദിച്ചത്.

സംഭവം വിവാദമായതിന് പിന്നാലെ ഗതാഗത മന്ത്രിയും ഇടപെട്ടു. കെ.എസ്ആർ.ടി.സി ബസിൽ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞിരുന്നു.അധ്യാപികയെ മന്ത്രി ഫോണിൽ വിളിച്ച് കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് അറിയിച്ചിരുന്നു.

Related Tags :
Similar Posts