മുകേഷിന്റെ രാജിക്കായി സമ്മർദ്ദം ശക്തമാക്കി സി.പി.ഐ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
|മുകേഷ് രാജിവക്കുന്നതാണ് ഉചിതം എന്ന നിലപാട് സി.പി.ഐ സ്വീകരിക്കുന്നത് സി.പി.എം നേതൃയോഗത്തിൽ ചർച്ചയ്ക്ക് വരും
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ കൊല്ലം എം.എൽ.എ മുകേഷിന്റെ രാജിക്കായി മുന്നണിക്കുള്ളിൽ നിന്നു പോലും സമ്മർദ്ദം ശക്തമാകുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എം.എൽ.എമാർ രാജി വച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജിയും ആവശ്യമില്ലെന്നും പറഞ്ഞാണ് സി.പി.എം പ്രതിരോധം തീർക്കുന്നത്.
എന്നാൽ മുകേഷ് രാജിവക്കുന്നതാണ് ഉചിതം എന്ന നിലപാട് സി.പി.ഐ സ്വീകരിക്കുന്നത് സി.പി.എം നേതൃയോഗത്തിൽ ചർച്ചയ്ക്ക് വരും. സി.പി.ഐക്ക് പുറമേ സി.പി.എമ്മിനുള്ളിലും മുകേഷ് രാജിവയ്ക്കണമെന്ന അഭിപ്രായം ശക്തമാകുന്നുണ്ട്. ഇക്കാര്യങ്ങൾ സി.പി.എം സെക്രട്ടറിയേറ്റ് പരിശോധിക്കും. നാളെ സംസ്ഥാന സമിതി യോഗവും ചേരുന്നുണ്ട്.
മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായാണ് ഘടക കക്ഷിയായ സി.പി.ഐ രംഗത്തെത്തിയിരിക്കുന്നത്. മുകേഷ് മാറി നിൽക്കണം എന്നതാണ് പാർട്ടി നിലപാടെന്ന് ബിനോയ് വിശ്വം പിണറായിയെ അറിയിച്ചു.
മുകേഷ് ധാർമികതയുടെ പേരിൽ മാറി നിൽക്കണമെന്നതാണ് സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. യോഗത്തിൽ ഉയർന്നു വന്ന ഭൂരിപക്ഷ തീരുമാനവും മുകേഷിനെതിരായിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന പൊതുവികാരം കൂടി പരിഗണിച്ചാണ് സി.പി.ഐ ഇത്തരം തീരുമാനത്തിലേക്കെത്തിയത്.