എംജിയിൽ വനിതാ നേതാവിനുനേരെ ലൈംഗികാധിക്ഷേപം: എസ്എഫ്‌ഐയും എഐഎസ്എഫും തുറന്ന പോരിലേക്ക്
|പരാതിയിൽ ഉറച്ച് വനിതാ നേതാവ്. എന്നാൽ, ആരോപണങ്ങൾ വ്യാജമാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എഫ്‌ഐ
എംജി സർവകലാശാലയിൽ എഐഎസ്എഫ് വനിതാ നേതാവിനെ അധിക്ഷേപിച്ച സംഭവത്തിൽ എസ്എഫ്‌ഐയും എഐഎസ്എഫും തുറന്ന പോരിലേക്ക്. പരാതിയുമായിൽ ഏതറ്റംവരെയും പോകാനാണ് എഐഎസ്എഫിന്റെ തീരുമാനം. എന്നാൽ, ലൈംഗിക അതിക്രമ ആരോപണമടക്കം വ്യാജമാണെന്നാണ് എസ്എഫ്‌ഐ നേതാക്കൾ പറയുന്നത്.
ഭരണപക്ഷത്തെ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ മറ്റൊരു തലത്തിലേക്ക് പോകുന്ന കാഴ്ചയാണ് കാണാനാകുന്നത്. ലൈംഗിക അതിക്രമവും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതുമടക്കം ഗുരുതര ആരോപണം ഉന്നയിച്ച എഐഎസ്എഫ് വനിതാ നേതാവ് അതിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ആരോപണങ്ങൾ വ്യാജമാണെന്ന വാദമാണ് എസ്എഫ്‌ഐ ഉന്നയിക്കുന്നത്. ഒരു എഐവൈഎഫ് നേതാവ് ഡിവൈഎഫ്‌ഐ പ്രവർത്തകയ്ക്ക് അയച്ച മെസേജുകൾ ഉയർത്തിപ്പിടിച്ചാണ് എഐഎസ്എഫിന്റെ ആരോപണത്തെ എസ്എഫ്‌ഐ ഇപ്പോൾ ചെറുക്കുന്നത്. എന്നാൽ, ഇക്കാര്യം എഐഎസ്എഫ് തള്ളിക്കളഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസമന്ത്രിയുടെ പിഎ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണവും വനിതാ നേതാവ് ആവർത്തിച്ച് ഉന്നയിക്കുന്നുണ്ട്. അതേസമയം, ഭരണപക്ഷത്തെ രണ്ട് വിദ്യാർത്ഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നടപടിയെടുക്കാനാകാതെ പൊലീസും വെട്ടിലായിരിക്കുകയാണ്. ഏഴുപേർക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് വൈകുന്നത് ഇതുകൊണ്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.