വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കേരള കേന്ദ്ര സർവകലാശാല അധ്യാപകനെതിരെ കേസ്
|ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്
കാസർഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകനെതിരെ കേസ്. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസർ ഇഫ്തിഖർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354,509 വകുപ്പുകൾ പ്രകാരമാണ് കേസ്. അധ്യാപകനെ സർവകലാശാലയിൽ നിന്ന് നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പരീക്ഷാ ഹാളിൽ ബോധരഹിതയായ കുട്ടിയെ ഹാളിൽ വെച്ചും ആശുപത്രിയിൽ വെച്ചും അധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർഥിനികളോട് മോശമായി പെരുമാറുന്നു ലൈംഗികച്ചുവയോടെ സംസാരിക്കുന്നു എന്നതടക്കം ഇയാൾക്കെതിരെ മുമ്പും പരാതിയുയർന്നിട്ടുണ്ട്. നാല് വിദ്യാർഥിനികളാണ് പരാതി നൽകിയത്. പരാതിയിൽ തുടക്കത്തിൽ നടപടിയെടുക്കാൻ സർവകലാശാല തയ്യാറായില്ലെങ്കിലും പിന്നീട് സമ്മർദമുണ്ടായതിനെ തുടർന്ന് പരാതി സ്വീകരിക്കുകയും അന്വേഷണം നടത്തി അധ്യാപകനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. സസ്പെൻഷൻ കാലയളവിൽ സർവകലാശാല പരിധി വിട്ടു പോകരുതെന്നാണ് അധ്യാപകനുള്ള നിർദേശം.