പാലക്കാട് സ്കൂളിൽ എസ്എഫ്ഐ- എബിവിപി സംഘർഷം; നാല് പേർക്ക് പരിക്ക്
|ഉച്ചയ്ക്ക് പരീക്ഷയ്ക്ക് കയറുന്നതിന് മുൻപ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
പാലക്കാട്: കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു.
പരിക്കേറ്റ വിദ്യാർഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പരീക്ഷയ്ക്ക് കയറുന്നതിന് മുൻപ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
നേരത്തെ തന്നെ ഇരു സംഘടനകളും തമ്മിൽ വിവിധ പ്രശ്‌നങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നു. ഇന്ന് പരീക്ഷയ്ക്ക് കയറുന്നതിന് മുമ്പ് ആദ്യം വാക്കേറ്റമുണ്ടാവുകയായിരുന്നു. അധ്യാപകരെത്തി പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടർന്ന് വലിയ സംഘർഷത്തിലേക്ക് നീങ്ങുകയും മൂർച്ചയുള്ള ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ഏറ്റുമുട്ടുകയുമായിരുന്നു. ഇതിൽ ഒരു എസ്എഫ്‌ഐ പ്രവർത്തകന്റെ തലയ്ക്കും മറ്റൊരാളുടെ കൈയ്ക്കും പരിക്കേറ്റു.
എബിവിപി പ്രവർത്തകർക്ക് കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി. ചികിത്സയ്ക്ക് പിന്നാലെ ഇരു വിഭാഗങ്ങളുടെയും മൊഴിയെടുത്ത ശേഷം നടപടികളുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.