Kerala
sfi arsho mark list conspiracy complaint police investigation

പി.എം ആര്‍ഷോ

Kerala

മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയെന്ന ആർഷോയുടെ പരാതി: കൂടുതൽ പേരെ ചോദ്യംചെയ്യും

Web Desk
|
11 Jun 2023 12:52 AM GMT

കേസിൽ അഞ്ച് പേരെയാണ് പ്രതിചേര്‍ത്തത്.

കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ നൽകിയ പരാതിയിൽ കൂടുതൽ പ്രതികളെ ക്രൈംബ്രാഞ്ച് ഉടൻ ചോദ്യംചെയ്യും. കേസിൽ അഞ്ച് പേരെയാണ് പ്രതിചേര്‍ത്തത്.

രണ്ടാം പ്രതിയായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ വി.എസ് ജോയിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യംചെയ്തിരുന്നു. കോളജിൽ ഗൂഢാലോചന നടന്നിട്ടില്ലെന്നും സാങ്കേതിക പിഴവാണ് വിവാദത്തിലേക്ക് നയിച്ചതെന്നുമാണ് പ്രിൻസിപ്പൽ മൊഴി നൽകിയത്. ആർക്കിയോളജി ഡിപ്പാർട്ട്മെന്‍റ് കോർഡിനേറ്റർ വിനോദ് കുമാറിനെയാണ് ഒന്നാമതായി പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഉടന്‍ ചോദ്യംചെയ്യും അതിനിടെ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നു.

അതിനിടെ എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ കാലടി സർവകലാശാലയുടെ അന്വേഷണം നാളെ ആരംഭിച്ചേക്കും. സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചാണോ വിദ്യയുടെ പ്രവേശനം നടന്നത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ഉടൻ ശേഖരിക്കും. കെ വിദ്യ എം.ഫിൽ പഠിച്ചപ്പോഴും ചട്ടലംഘനം നടന്നു എന്ന പുതിയ ആരോപണത്തിലും മലയാളം വിഭാഗം വിവരങ്ങൾ തേടുന്നുണ്ട്. 2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി.എച്ച്.ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.



Related Tags :
Similar Posts