Kerala
sfi banner

കേരളവര്‍മ കോളേജിലെ എസ്.എഫ്.ഐ ബാനര്‍

Kerala

'യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍'; ചെറുത്തുനില്‍പ്പിനെന്തിനാ ഗ്രാമര്‍? എസ്.എഫ്.ഐ ബാനറിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ പോര്

Web Desk
|
19 Dec 2023 5:46 AM GMT

ബാനറിലെ ഇംഗ്ലീഷിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വാഗ്വാദങ്ങള്‍ ഉയരുകയാണ്

തൃശൂര്‍: ഗവര്‍ണറും സര്‍വകലാശാല വൈസ് ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐയുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാം പ്രമുഖ കോളേജുകളിലും ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകള്‍ ഉയര്‍ന്നിരുന്നു. തൃശൂര്‍ കേരളവര്‍മ കോളേജിന്‍റെ കവാടത്തിലുയര്‍ന്ന ബാനര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു.

'നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല എന്ന അര്‍ത്ഥത്തില്‍ 'യുവര്‍ ദാല്‍ വില്‍ നോട്ട് കുക്ക് ഹിയര്‍ ബ്ലഡി സംഘി ഖാന്‍' (Your dal will not cook here bloody sanghi khan) എന്നെഴുതിയ ബാനറാണ് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കവാടത്തിലുയര്‍ത്തിയത്. എന്നാല്‍ ബാനറിലെ ഇംഗ്ലീഷിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ വാഗ്വാദങ്ങള്‍ ഉയരുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കേരളവര്‍മ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം രംഗത്തെത്തിയത്. ''ആരും ചിരിക്കരുത്. സംഗതി വളരെ സീരിയസാണ്. Your dal will not cook here എന്നതു കൊണ്ട് കുട്ടി സഖാക്കൾ ഉദ്ദേശിച്ചത് "തൻറെ പരിപ്പ് ഇവിടെ വേവില്ലെടോ" എന്നാണ്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഈ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു, 2021 ലെ തെരഞ്ഞെടുപ്പ് ജയിക്കും വരെ'' അഡ്വ.എ ജയശങ്കര്‍ കുറിച്ചു.

ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് എഴുതിവച്ചവൻ നാളെ ഭാവിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആകും’, ‘ഇംഗ്ലീഷിന് ഇതിലും വലിയ ഗതികേട് വരാൻ ഇല്ല’, ‘Your instalment not walking here (നിന്റെ അടവ് ഇവിടെ നടക്കില്ല) ’ എന്നൊക്കെയുള്ള കമന്‍റുകളാണ് പോസ്റ്റിന്‍റെ താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും ബാനറിലെ വ്യാകരണത്തെ പരിഹസിച്ച് രംഗത്തെത്തി.

''You won’t do any dry ginger

നീ ഒരു ചുക്കും ചെയ്യില്ല

Your instalment will not walk here

നിന്റെ അടവ് ഇവിടെ നടക്കൂല

You add no add

നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല

You don’t tell any grass

നീ ഒരു പുല്ലും പറയണ്ട

You bundle your bundle

നിന്നെ കെട്ട് കെട്ടിക്കും ...എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

''കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്ന കോളേജില്‍ ഉയര്‍ന്ന ബാനര്‍ ആണിത്'' എന്നായിരുന്നു ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയുടെ പരിഹാസം.

എന്നാല്‍ എതിര്‍പ്പിനും ചെറുത്തുനില്‍പ്പിനും ശുദ്ധഭാഷയുടെയും ഗ്രാമറിന്‍റെയും ആവശ്യമില്ലെന്ന വാദവുമായി ഒരുവിഭാഗം രംഗത്തെത്തി. ''അതിശക്തമായ രാഷ്ട്രീയ പ്രതിരോധത്തിൽ ചൂളിപ്പോയവരുടെ വ്യാകരണപാഠങ്ങൾ കേരളത്തിനാവശ്യമില്ല.'' ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഓക്സ്ഫോർഡ് ഡിക്ഷ്ണറി എടുത്ത് വെച്ച് അതിന്റെ ഇംഗ്ലീഷ് പദവും ഗ്രാമറും പരിശോധിക്കാൻ പോകുന്നവൻ ഊളകളുടെ രാജാവാണെന്ന് സാമൂഹിക വിമര്‍ശകന്‍ ബഷീര്‍ വള്ളിക്കുന്ന് പ്രതികരിച്ചു.

ബഷീര്‍ വള്ളിക്കുന്നിന്‍റെ കുറിപ്പ്

കീലേരി അച്ചുവിന്റെ നാല് ഭക്തന്മാർ നിരന്നിരിക്കുന്നു.. പേരിന് പോലും മറുത്തൊരു വാദം പറയാൻ ഒരാളില്ല. കീലേരി അച്ചു അടിപൊളിയാണ്. കീലേരി അച്ചു റോഡിലൂടെ നടന്നു, കീലേരി അച്ചു എല്ലാവരേയും മലർത്തിയടിച്ചു, കീലേരി അച്ചു ഹലുവ തിന്നു. ഒരാൾ തമാശ പറയും, മറ്റ് മൂന്നാളും തലതല്ലി ചിരിക്കും, ഒരാൾ രോഷം കൊള്ളും, അപ്പോൾ മറ്റ് മൂന്നാളും രോഷം കൊണ്ട് പല്ല് ഞെരിക്കും.. മുടിഞ്ഞ തമാശയായിരുന്നു.

ആ തമാശക്കിടയിൽ ജയശങ്കറിന്റെ അപാര ഇംഗ്ലീഷ് ക്ലാസ്.. your daal will not cook here എന്നോ മറ്റോ ഒരിടത്ത് പോസ്റ്റർ കണ്ടത്രേ.. ദാലിന് ഇംഗ്ലീഷിൽ എന്ത് പറയും എന്നറിയാത്തവന്മാരാണ് ഗവർണർക്കെതിരെ സമരം ചെയ്യുന്നത് എന്ന്..

നിന്റെ പരിപ്പ് ഇവിടെ വേവില്ല എന്നത് കട്ടത്തമാശയിൽ കുട്ടികൾ എഴുതി വെച്ചതാണ്. ബോത്ത് ആർ മാത്തമാറ്റിക്സ് എന്നൊക്കെ പറയുന്ന പോലെ.. അവിടെ ദാലിന് ഇംഗ്ലീഷ് പറഞ്ഞാൽ ആ വാചകത്തിന്റെ തന്നെ ഇമ്പാക്റ്റ് പോകും. ഓക്സ്ഫോർഡ് ഡിക്ഷ്ണറി എടുത്ത് വെച്ച് അതിന്റെ ഇംഗ്ലീഷ് പദവും ഗ്രാമറും പരിശോധിക്കാൻ പോകുന്നവൻ ഊളകളുടെ രാജാവാണ്. പണ്ട് കോഴിക്കോട് ജംബോ സർക്കസ്സ് വന്നപ്പോൾ ഞാൻ കാണാൻ പോയിരുന്നു. നാല് കോമാളികൾ ഒന്നിച്ച് വന്ന് ഒരു കിടിലൻ പെർഫോമൻസ് നടത്തി. ഒരാൾ തമാശ പറയും, നാലാളും ചേർന്ന് കുലുങ്ങിച്ചിരിക്കും, ആ പെർഫോമൻസ് ഇപ്പോഴും ഓർമ്മയിലുണ്ട്. അതിനേയും കടത്തി വെട്ടുന്ന പെർഫോമൻസ് ഇന്നാണ് കണ്ടത്.

Similar Posts