കാട്ടാക്കട എസ്.എഫ്.ഐ ആൾമാറാട്ടം: പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തില്ലെങ്കിൽ അഫിലിയേഷൻ റദ്ദാക്കുമെന്ന് സർവകലാശാല
|സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചത് പ്രിൻസിപ്പലെന്ന് സിൻഡിക്കേറ്റ്
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടത്തിൽ പ്രിൻസിപ്പലിനെതിരെ ശിക്ഷാനടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല.ഉചിതമായ നടപടി എടുക്കാൻ കോളജ് മാനേജ്‌മെന്റിന് രജിസ്ട്രാർ കത്ത് നൽകി.
നടപടി സ്വീകരിച്ച് സർവകലാശാലയെ അറിയിക്കണമെന്നും ഇല്ലെങ്കിൽ കോളജിന്റെ അഫലിയേഷൻ റദ്ദാക്കുമെന്നും സർവകലാശാല മുന്നറിയിപ്പ് നൽകി.എന്നാൽ സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചത് പ്രിൻസിപ്പലെന്ന് സിൻഡിക്കേറ്റ് അറിയിച്ചു.
നടപടി ഉണ്ടായില്ലെങ്കിൽ അഫിലിയേഷൻ റദ്ദാക്കും എന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ കോളേജ് അധികൃതർ സർവകലാശാലയെ എതിർക്കാൻ സാധ്യതയില്ല. ഷൈജുവിനെതിരായ അച്ചടക്കനടപടി പൂർത്തിയാക്കി സർവകലാശാലയ്ക്ക് ഉടൻ മറുപടി നൽകാൻ ആകും നീക്കം. സമാന്തരമായി സിപിഎം ജില്ലാ നേതൃത്വവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.എഫ്.ഐ - സി.പി.എം കാട്ടാക്കട ഏരിയ ഘടകങ്ങളിൽ നിന്ന് ഉടൻ അന്വേഷണ കമ്മീഷൻ വിവരങ്ങൾ തേടും.
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പൊലീസ് തുടർ നടപടികൾ വേഗത്തിലാക്കും. . പ്രതികളെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. പ്രിൻസിപ്പൽ ഡോ.ജി,ജെ ഷൈജുവിനും എസ്എഫ്‌ഐ നേതാവ് എ വിശാഖിനും എതിരെ ഇന്നലെയാണ് സർവകലാശാല പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരം ആൾമാറാട്ടം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് എടുത്തതിന് പിന്നാലെ തന്നെ തുടർ നടപടികൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് നീക്കം. കൂടുതൽ വിവരങ്ങൾ കൈമാറാൻ സർവകലാശാലയോട് പൊലീസ് ആവശ്യപ്പെടും. ശേഷം കോളേജിൽ എത്തി തെരഞ്ഞെടുപ്പ് രേഖകൾ പരിശോധിക്കുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. കോളേജ് ജീവനക്കാരിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കും. കുറ്റാരോപിതരായ ഷൈജുവിനെയും വിശാഖിനെയും വരും ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. വേണ്ടിവന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.