പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: എസ്.എഫ്.ഐ നേതാവ് കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്ത്
|കള്ളവോട്ട് ചെയ്യാൻ അറിയുമെന്ന് കാണിച്ചുകൊടുത്തെന്ന കോൺഗ്രസ് കൗൺസിലർ അഡ്വ. സുരേഷ് കുമാറിന്റെ പ്രസംഗം വിവാദമാവുകയും ചെയ്തു
പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ നേതാവ് കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അമൽ ഒന്നിലധികം തവണ വോട്ട് ചെയ്‌തെന്നാണ് ആരോപണം. കള്ളവോട്ട് ചെയ്യാൻ എത്തിയവരുടെ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ കള്ളവോട്ട് ചെയ്യാൻ അറിയുമെന്ന് കാണിച്ചുകൊടുത്തെന്ന കോൺഗ്രസ് കൗൺസിലർ അഡ്വ. സുരേഷ് കുമാറിന്റെ പ്രസംഗവും വിവാദമായി.
പത്തനംത്തിട്ട സർവീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ ഇരു മുന്നണികളും കള്ളവോട്ട് ചെയ്തുവെന്ന് പരസ്പരം ആരോപിച്ചിരുന്നു. എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയായിരുന്ന അമൽ ഒന്നിലധികം തവണ ക്യൂകളിൽ വന്ന് നിൽക്കുന്നതായും വ്യത്യസ്ത ബുത്തുകളിൽ കയറി വോട്ടു ചെയ്യുന്നതായും ദൃശ്യങ്ങളിൽ നിന്ന് കാണാവുന്നതാണ്. അവസാനമായി വീണ്ടും വോട്ട് ചെയ്യാനെത്തിയപ്പോൾ കോന്നി സി.ഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ അമലിനെ പുറത്തേക്ക് കൊണ്ടു പോകുന്നതും ദ്യശ്യ കാണാം.
കോൺഗ്രസിന്റെ ഡി.സി.സി ഓഫീസ് കള്ളവോട്ടിന്റെ കേന്ദ്രമായി മാറുന്നു. അവിടെ നിന്നും വ്യപകമായി കള്ളവോട്ടുകൾ ചെയ്യുന്നുവെന്ന് സി.പി.എമ്മിന്റെ നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ നേരത്തെ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ 11ൽ 10 സീറ്റുകൾ നേടികൊണ്ട് യു.ഡി.എഫാണ് വിജയിച്ചത്. ഈ വിജയത്തിന് ശേഷം യു.ഡി.എഫ് പട്ടനത്തിട്ട നഗരത്തിൽ നടത്തിയ പ്രകടനത്തിൽ യു.ഡി.എഫ് ഡി.സിസി വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ കള്ള വോട്ടും അതിക്രമവും സി.പി.എമ്മിന് മാത്രമല്ല തങ്ങൾക്കും കഴിയുമെന്നും തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ അത് കാണിച്ചു കൊടുത്തുവെന്നും പ്രസംഗിക്കുകയായിരുന്നു.
ഇരു മുന്നണികളും പരസ്പരം കള്ളവോട്ട് ആരോപണം നടത്തിതയെന്നാല്ലാതെ രേഖാ മൂലമുള്ള പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇതിൽ നിന്നും ഇരു മുന്നണികളും കള്ള വോട്ട് ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. തങ്ങളുടെ വോട്ടുകൾ മറ്റാരോ ചെയ്തുവെന്ന തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയവരുടെ പ്രതികരണങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.