'ഒരു കരിങ്കൊടിയെങ്കിലും ഇനി ഉയർന്നാൽ...'; വെല്ലുവിളിച്ച് ഗവർണർ
|ആക്രമിക്കുന്നെങ്കിൽ തന്നെ നേരിട്ട് ആകാമെന്നും താൻ ഒന്നിനെയും ഭയപ്പെടുന്നില്ല എന്നും ഗവർണർ
തിരുവനന്തപുരം: കരിങ്കൊടി കാണിച്ചാൽ താൻ പ്രതിഷേധക്കാരെ ഇറങ്ങി ചെന്ന് കാണുമെന്ന വെല്ലുവിളിയുമായി ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. തനിക്ക് നേരെ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രി ആണെന്നും ഗവർണർ ആരോപിച്ചു. ഗവർണറുടെ റൂട്ട്പ്ലാൻ പ്രതിഷേധക്കാർക്ക് പൊലീസ് ചോർത്തി നൽകിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ആരോപിച്ചു.
പത്രത്തിൽ വന്ന ചിത്രം ഉയർത്തിക്കാട്ടിയാണ് തൻ്റെ വാഹനത്തിന് നേരെ നടന്ന ആക്രമണം ഗവർണർ മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരിച്ചത്. പോലീസ് വാഹനങ്ങളിൽ താൻ പോകുന്ന സ്ഥലത്ത് പ്രതിഷേധക്കാരെ എത്തിച്ചു. തന്നെ ആക്രമിച്ചവർ വിദ്യാർഥികൾ അല്ലെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം ഉള്ള ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും ഗവർണർ ആരോപിച്ചു.
ഈ മാസം പതിനാറിന് കോഴിക്കോട് താൻ എത്തുമ്പോൾ ഒരു കരിങ്കൊടി എങ്കിലും ഉയർന്നാൽ വാഹനത്തിൽ നിന്നും പ്രതിഷേധക്കാർക്കരികിലേക്ക് ഇറങ്ങി ചെല്ലുമെന്നും ഗവർണർ വെല്ലുവിളിച്ചു. ആക്രമിക്കുന്നെങ്കിൽ തന്നെ നേരിട്ട് ആകാമെന്നും താൻ ഒന്നിനെയും ഭയപ്പെടുന്നില്ല എന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഡൽഹി കേരള ഹൗസിൽ എത്തി ഗവർണറെ നേരിൽ കണ്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രതിഷേധക്കാർക്ക് പൊലീസ് ഒത്താശ ചെയ്ത് നൽകിയെന്ന് ആരോപിച്ചു. ജീവന് ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് കാറിൽ നിന്ന് ഗവർണർക്ക് പുറത്തിറങ്ങേണ്ടി വന്നതെന്നും ആ സമയത്ത് പ്രോട്ടോകോൾ നോക്കാൻ കഴിയില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
കേരള പൊലീസ് സുരക്ഷാ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് പരാതി ഉള്ള സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനോട് സുരക്ഷ ഒരുക്കാൻ ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ഗവർണറും കേന്ദ്ര മന്ത്രിയും മറുപടി നൽകിയില്ല.