ഗവർണർക്ക് താമസിക്കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നില്‍ എസ്.എഫ്.ഐ പ്രതിഷേധം; പിടിച്ചുനീക്കി പൊലീസ്
|ആർ.എസ്.എസ് തെമ്മാടികളെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണ് ഗവർണർ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് എസ്.എഫ്.ഐ കാലിക്കറ്റ് സർവ്വകലാശാല ഗസ്റ്റ് ഹൗസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഗസ്റ്റ്ഹൗസിന് മുന്നിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈകിട്ട് 6.30 നാണ് ഗവർണർ കാലിക്കറ്റ് സർവകലാശാലിയിലെത്തുന്നത്.
Read Also'നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം'- സർക്കാരിന് നിയമോപദേശം
ഇതിന് മുന്നോടിയായാണ് എസ്.എഫ്.ഐ സർവ്വകലാശലയിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. രൂക്ഷമായ വിമർശനമാണ് ഗവർണർക്കെതിരെ എസ്.എഫ്.ഐ നടത്തിയത്. ആർ.എസ്.എസ് തെമ്മാടികളെ കേരളത്തിലെ ക്യാമ്പസുകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണിയാണ് ഗവർണർ ചെയ്യുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു.
'സംഘപരിവാരത്തിന്റെ ചട്ടുകമെന്നോണം കേരളത്തിലെ സർവകലാശാലകളുടെ ചാൻസിലറായ കേരളത്തിന്റെ ക്യാമ്പസുകളിലൂടെ പാൻപരാഗ് മുറുക്കിത്തുപ്പി നടക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ മാറുന്ന കാഴ്ച്ചയാണ് നമ്മൾ കാണുന്നത്. രണ്ടു സർവ്വകലാശാലകളിലേക്ക് ഒരുപറ്റം ആർ.എസ്.എസിന്റെ തെമ്മാടികളെ റിക്രൂട്ട് ചെയ്യാൻ ആരിഫ് മുഹമ്മദ് ഖാൻ എന്ന ചാൻസിലർ തയ്യാറാകുന്നു'. ആർഷോ ആരോപിച്ചു.