ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാരല്ല, കോണ്‍ഗ്രസുകാര്‍: മുഖ്യമന്ത്രി
|'ഗോഡ്സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി കോൺഗ്രസ് ചെയ്തു'
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമം എല്ലാവരും ഗൗരവമായാണ് കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചു. അക്രമം തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നിട്ടും കോണ്‍ഗ്രസ് കലാപാന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിച്ചത്. കോൺഗ്രസ് കുത്സിത ശ്രമം നടത്തുന്നു.രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രതിഷേധിച്ച് മടങ്ങിയ ശേഷമാണ്. എസ്.എഫ്.ഐക്കാർ പോയ ശേഷം ഗാന്ധി ചിത്രം അവിടെ ഉണ്ട്. കോൺഗ്രസുകാരാണ് പിന്നെ അവിടെ ഉണ്ടായിരുന്നത്. ആരുടെ കുബുദ്ധിയാണ് ചിത്രം തകര്‍ത്തതെന്ന് അറിയാം. അവര്‍ ഗാന്ധിശിഷ്യന്മാര് തന്നെയാണോ? ഗോഡ്സേ പ്രായോഗികമായി ചെയ്തത് പ്രതീകാത്മകമായി കോൺഗ്രസ് ചെയ്തെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സംഘപരിവാറിന് വേണ്ടി കേരളത്തെ കലുഷിതമാക്കുകയാണ്. കലാപക്കളമാക്കി മാറ്റാം എന്നത് ദുർമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'രാഹുലിനെ ഇ.ഡി ചോദ്യംചെയ്തതില്‍ എല്‍.ഡി.എഫിന് പങ്കുണ്ടോ?'
ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ രാഹുലിന്റെ ഓഫീസ് ആക്രമിച്ചു എന്നൊക്കെയാണ് പറയുന്നത്. കേന്ദ്ര ഏജൻസി രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തു. രാഹുൽ ഗാന്ധിയെ ചോദ്യംചെയ്ത സംഭവത്തിൽ എല്‍.ഡി.എഫിന് പങ്കുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബി.ജെ.പിയുടെ പാർലമെന്റ് അംഗം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്തതിനെയാണ് സി.പി.എം ചോദ്യംചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.