നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കേരള സർവകലാശാല; കേസ് കൊടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് കോളേജ് പ്രിൻസിപ്പൽ
|കലിംഗയിൽ റെഗുലർ കോഴ്സ് പഠിച്ചാണ് നിഖില്‍ സർട്ടിഫിക്കറ്റ് നേടിയതെന്ന് പി.എം ആർഷോ
തിരുവനന്തപുരം: പിജി പ്രവേശനത്തിന് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്ന് എസ്.എഫ്.ഐ സംസ്ഥാനനേതൃത്വം. കേരള സർവകലാശാലയിലെ ഡിഗ്രി കോഴ്സ് അവസാനിപ്പിച്ച ശേഷമാണ് കലിംഗയിൽ നിഖിൽ തോമസ് ചേർന്നത് . റെഗുലർ കോഴ്സ് പഠിച്ചാണ് നിഖിൽ പാസായതെന്ന് പറയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പക്ഷേ ഹാജരിന്റെ കാര്യത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായില്ല.
കായംകുളം എംഎസ്എം കോളേജിൽ പിജി പ്രവേശനത്തിന് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെയാണ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ നിഖില്‍ സർട്ടിഫിക്കറ്റ് ഹാജരാക്കി. നിഖിലിന്റെത് വ്യാജ സർട്ടിഫിക്കറ്റ് അല്ല എന്നും കലിംഗയിൽ റെഗുലർ കോഴ്സ് പഠിച്ചാണ് സർട്ടിഫിക്കറ്റ് നേടിയതെന്നും അത് ഒറിജിനൽ ആണെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റെ പിഎം ആർഷോ പറഞ്ഞു.
എന്നാല്‍ നിഖിലിന് പൂര്‍ണമായും ക്ലീന്‍ചിറ്റ് നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. നിഖിലിന്‍റെ ഹാജറിന്‍റെ കാര്യത്തില്‍ ചില സംശയങ്ങള്‍ എസ്.എഫ്. ഐ പങ്കുവയ്ക്കുന്നുണ്ട്. ഹാജറിന്‍ കാര്യത്തില്‍ കൂടി വ്യക്തത വരുന്നത് വരെ നിഖിലിനെ എസ് എഫ് ഐ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തില്ല. വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിഖില്‍ പൊലീസില്‍ പരാതി നല്കുമെന്ന് പിഎം ആർഷോ പറഞ്ഞു.
അതേസമയം, നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കേരള സർവകലാശാല. നിഖിലിന്റെ ബിരുദം വ്യാജമാണോ എന്ന് കലിംഗ യൂണിവേഴ്സിറ്റിയിൽ നേരിട്ട് പരിശോധിക്കും. അന്വേഷണം നടത്താൻ വൈസ് ചാൻസലർ രജിസ്ട്രാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിഖിൽ തോമസിന്റെ പ്രവേശനത്തിൽ മാനേജർക്ക് വീഴ്ച പറ്റിയെന്ന് എംഎസ്എം കോളജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി ഹാരിസ് പറഞ്ഞു. രേഖകൾ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജർക്കും പ്രിൻസിപ്പലിനുമുണ്ടെന്നും ഷേക് പി.ഹാരിസ് പറഞ്ഞു. നിഖിലിനെതിരെ കേസ് കൊടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് എംഎസ്എം കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ പറഞ്ഞു.
എന്നാല്‍ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്‌തമാക്കി. കെഎസ് യു വും എംഎസ്എഫും കോളജിനുള്ളിൽ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. കോളജിലേക്ക് പ്രകടനമായെത്തിയ എബിവിപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നിക്കി. പൊലീസിൽ കേസ് കൊടുക്കാത്തതിനെതിരെ കോളേജ് പ്രിൻസിപ്പലിനെ എംഎസ്എഫ് - കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു.