കേരളവർമ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐക്ക് ജയം
|മുന്നുവോട്ടകൾക്കാണ് എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ് അനിരുദ്ധൻ വിജയിച്ചത്
തൃശൂർ: കേരളവർമ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐക്ക് ജയം. മുന്നുവോട്ടകൾക്കാണ് എസ്.എഫ്.ഐ സ്ഥാനാർഥി കെ.എസ് അനിരുദ്ധൻ വിജയിച്ചത്. കെ.എസ്.യു നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി വിധിപ്രകാരമാണ് റീകൗണ്ടിങ് നടത്തിയത്. എസ്.എഫ്.ഐ സ്ഥാനാർഥിക്ക് 892 വോട്ട് ലഭിച്ചപ്പോൾ കെ.എസ്.യു സ്ഥാനാർഥിക്ക് 889 വോട്ടു ലഭിച്ചു.
ഇന്ന് രാവിലെ മുതൽ പ്രിൻസിപ്പലിന്റെ ചേംബറിലാണ് വോട്ടെണ്ണൽ നടന്നത്. കോടതി വിധിയെ തുടർന്ന് വിദ്യാർഥി സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ന് റീകൗണ്ടിങ് നടത്താൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ഒരു വോട്ടിന് കെ.എസ്.യു സ്ഥാനാർഥി ഒരു വോട്ടിന് മുന്നിലെത്തുകയും എസ്.എഫ്.ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും ഇതിന് ശേഷം 11 വോട്ടുകൾക്ക് എസ്.എഫ്.ഐ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്താണ് കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചത്. എസ്.എഫ്.ഐക്കും കെ.എസ്.യുവിനും പുറമെ എ.ഐ.എസ്.എഫും എ.ബി.വി.പിയും മത്സരിച്ചിരുന്നു.