രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ്: ജാമ്യം ലഭിച്ച എസ്എഫ്‌ഐ പ്രവർത്തകർക്ക് സ്വീകരണം
|12 ദിവസം റിമാൻഡിൽ കഴിഞ്ഞതിന് ശേഷമാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
വയനാട്: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിച്ച കേസിൽ ജയിൽമോചിതരായ എസ്എഫ്‌ഐ പ്രവർത്തകർക്ക് സ്വീകരണം നൽകി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. റിമാൻഡിലായിരുന്ന 29 എസ്എഫ്‌ഐ പ്രവർത്തകർക്ക് കൽപറ്റ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളടക്കം എത്തിയാണ് ഓഫീസ് ആക്രമിച്ച കേസിൽ പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകരെ സ്വീകരിച്ചത്. 12 ദിവസം റിമാൻഡിൽ കഴിഞ്ഞതിന് ശേഷമാണ് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ദേശീയതലത്തിലടക്കം വിവാദമായതോടെ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയും ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് പകരം ചുമതല നൽകുകയും ചെയ്തിരുന്നു. എന്നാൽ ശക്തമായ നടപടിയെടുത്തുവെന്ന് അവകാശപ്പെടുമ്പോഴും സിപിഎമ്മോ വർഗ ബഹുജന സംഘടനകളോ പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകരെ കൈവിടില്ലെന്ന് വ്യക്തമാക്കുന്നതാണ് നടപടി.