ലഹരി മരുന്നിന് പിന്നിൽ എസ്.എഫ്.ഐ ക്കാരും ഡി.വൈ.എഫ്.ഐ ക്കാരും; ആരോപണവുമായി കെ. സുധാകരൻ
|ലഹരിക്കെതിരെ പ്രവർത്തിക്കാൻ സർക്കാരിനാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട്
തിരുവന്തപുരം: ലഹരി വലിയ വിപത്തായി മാറുന്നുണ്ടെന്നും ലഹരിക്കെതിരെ പ്രവർത്തിക്കാൻ സർക്കാരിനാകുന്നില്ലെന്നും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ. ലഹരി മരുന്നിന് പിന്നിൽ എസ്.എഫ്.ഐ ക്കാരും ഡി.വൈ.എഫ്.ഐ ക്കാരുമാണെന്നും സുധാകരൻ ആരോപിച്ചു. ലഹരി സംഘം കുട്ടികളെയാണ് ലക്ഷ്യം വക്കുന്നതെന്നും എട്ടാം ക്ലാസ് വിദ്യാർഥിയെ കാരിയറായി ഉപയോഗിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം തടവുകാരുള്ള ജയിലറകളിലേക്ക് ലഹരി എത്തുന്നുണ്ടെന്നും കൊടി സുനി ഉള്ളപ്പോൾ സുനിയാണ് ജയിൽ സൂപ്രണ്ടെന്നും പറഞ്ഞ സുധാകരൻ സിപിഎമ്മിന്റെ ക്രിമിനലുകൾ ജയിൽ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുമെന്നും ലഹരിവിരുദ്ധ ക്യാമ്പയിൻ സങ്കടിപ്പിക്കാൻ കെ.പി.സി.സി തീരുമാനിച്ചതായും സുധാകരൻ അറിയിച്ചു.
കോഴിക്കോട് അഴിയൂരിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലഹരിക്കടത്തിനുപയോഗിച്ചിരുന്നു. പെൺകുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 'ഭീഷണിപ്പെടുത്തിയാണ് ലഹരി മാഫിയ തന്നെ കാരിയറാക്കി മാറ്റിയത്. ഗതികെട്ട് സ്കൂൾ ബാഗിലുൾപ്പെടെ ലഹരി വിവിധ കേന്ദ്രങ്ങളിലെത്തിച്ചു. ഒടുവിൽ എംഡിഎംഎ എന്ന രാസലഹരിക്ക് അടിമയായി'... ഇങ്ങനെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്.