കാട്ടാക്കട കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടം; പ്രിൻസിപ്പലിനും വിദ്യാർത്ഥികൾക്കുമെതിരെ നടപടിക്ക് സാധ്യത
|മുഴുവൻ തെരഞ്ഞെടുപ്പ് രേഖകളും ഇന്ന് തന്നെ ഹാജരാക്കണം. റിട്ടേണിംഗ് ഓഫീസർ ആയിരുന്ന അധ്യാപകൻ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകണമെന്നും നിർദ്ദേശം
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ആൾമാറാട്ടം നടത്തിയതിൽ കടുത്ത നടപടിക്കൊരുങ്ങി കേരള സർവകലാശാല. പ്രിൻസിപ്പലിനും വിദ്യാർത്ഥികൾക്കുമെതിരെ നടപടിക്ക് സാധ്യത. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു.
വിശാഖിനെ ഉൾപ്പെടുത്തിയത് പെൺകുട്ടി രാജിവച്ചതിനാൽ എന്ന് പ്രിൻസിപ്പലിന്റെ വിശദീകരണം. പ്രിൻസിപ്പലിന്റെ വിശദീകരണം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന് സർവകലാശാല. മുഴുവൻ തെരഞ്ഞെടുപ്പ് രേഖകളും ഇന്ന് തന്നെ ഹാജരാക്കണം. റിട്ടേണിംഗ് ഓഫീസർ ആയിരുന്ന അധ്യാപകൻ രജിസ്ട്രാർക്ക് മുൻപിൽ ഹാജരാകണമെന്നും നിർദ്ദേശം.
കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിന്റ പേര് നൽകിയത്. എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന് തെരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ.വിശാഖ്.
വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെഎസ്യു ആരോപിക്കുന്നത്. യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ അനഘ രാജി സമർപ്പിച്ചിട്ടില്ല.