പിടിച്ചു മാറ്റിയത് ഒന്നരലക്ഷത്തോളം വോട്ടുകള്‍; ലീഗിന്‍റ ഭൂരിപക്ഷം ഇടിച്ച് വി.പി സാനു
|മുസ്‍ലിം ലീഗിന്‍റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് ലീഗിന് ഇത്തവണ നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തോളം വോട്ടുകള്‍. ഇടത് സ്ഥാനാര്‍ഥിയായ സാനു നേടിയതാകട്ടെ ഒരു ലക്ഷത്തോടടുത്ത് പുതിയ വോട്ടുകളും.
മുസ്‍ലിം ലീഗിന്‍റെ പൊന്നാപുരം കോട്ടയായമലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വി.പി സാനു കാഴ്ചവെച്ചത് മികച്ച പോരാട്ടം. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് സമദാനിയിലേക്കെത്തിയപ്പോള്‍ ലീഗിന് ഇത്തവണ നഷ്ടപ്പെട്ടത് ഒന്നരലക്ഷത്തോളം വോട്ടുകള്‍. ഇടത് സ്ഥാനാര്‍ഥിയായ സാനു നേടിയതാകട്ടെ ഒരു ലക്ഷത്തോടടുത്ത് പുതിയ വോട്ടുകളും.
നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ എം.പി.അബ്ദുസമദ് സമദാനിയുടെ ജയത്തിന്‍റെ മാറ്റ് കുറക്കുന്നതാണ് സാനുവിന്‍റെ പ്രകടനം. മുന്‍ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ് മണ്ഡലത്തില്‍ ലീഗിനുണ്ടായത്. 2019-ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഈ തെരഞ്ഞെടുപ്പില്‍ 1,14,615 വോട്ടുകള്‍ക്കാണ് സമദാനി ജയിച്ചുകയറിയത്. ഏകദേശം ഒന്നര ലക്ഷത്തോടടുത്ത് വോട്ടാണ് കുറവ് സംഭവിച്ചത്. 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ മുസ്‍ലിം ലീഗിന്‍റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു 2019-ല്‍ മലപ്പുറത്ത് നിന്ന് മത്സരിച്ചത്. അന്ന് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയ വിപി സാനു തന്നെയാണ് ഇത്തവണയും എല്‍.ഡി.എഫിന് വേണ്ടി മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 93913 വോട്ടുകളാണ് ഇത്തവണ സാനു അധികമായി നേടിയത്.
ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച എ.പി.അബ്ദുള്ളക്കുട്ടിക്കും കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ചയത്രയും വോട്ട് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നതിനായി രാജിവെച്ച ഒഴിവിലേക്കാണ് ഇത്തവണ മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എം.പി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരുന്നതിനോട് മുസ്‍ലിം ലീഗിനുളളില്‍ നിന്ന് തന്നെ പലകോണില്‍ നിന്നായി എതിര്‍പ്പുയര്‍ന്നിരുന്നു. വേങ്ങര എം.എല്‍.എ ആയിരിക്കെയാണ് 2017ല്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മലപ്പുറം എം.പി ആയിരുന്ന ഇ അഹമ്മദിന്‍റെ വിയോഗത്തെ തുടര്‍ന്നായിരുന്നു അത്. പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് ശേഷം നടന്ന 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു. ഇതില്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ അതൃപ്തി ഉണ്ടായിരുന്നു. അതിന്‍റെ ഫലസൂചനയാണ് ഇത്രയും അധികം വോട്ടിടിവ് ലീഗിനുണ്ടാക്കിയത്. ഇത്തവണ വേങ്ങരയില്‍ നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കും ഫലം വന്നപ്പോള്‍ ഭൂരിപക്ഷം കുറഞ്ഞു. വേങ്ങര മണ്ഡലത്തില്‍ മുമ്പ് കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്നതിനേക്കാള്‍ 26000ത്തില്‍ പരം വോട്ടുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്.