പാരമ്പര്യ വൈദ്യന്റെ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
|പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം നാളെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടുപ്രതികളെയും ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽവിട്ടു. പ്രതിയായ ഷൈബിൻ അഷ്റഫ് ഇയാളുടെ സഹായികളായി പ്രവർത്തിച്ച ഷിഹാബ്, നിഷാദ് എന്നിവരെയാണ് മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം നാളെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഷൈബിൻ അഷ്റഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊല്ലപ്പെട്ട ഷാബാ ഷരീഫിനെ ഒന്നര വർഷത്തോളം ബന്ദിയാക്കിവെച്ചതും കൊലപ്പെടുത്തിയതും ഷൈബിന്റെ വീട്ടിൽവെച്ചായിരുന്നു.
കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത നൗഷാദുമൊത്ത് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തി ഉൾപ്പടെ വാങ്ങിയ ഹാർഡ്‌വെയർ കടയിലാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിന്റെ കാറിലെത്തിയ ഇയാൾ ഏകദേശം അയ്യായിരം രൂപയുടെ സാധനങ്ങൾ വാങ്ങിയെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞത്. ഒളിവിൽ പോയ അഞ്ച് പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്.