ഷാഫി മുഖ്യ സൂത്രധാരൻ; ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ്
|തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ഷാഫി കുറ്റം സമ്മതിച്ചത്
ഇലന്തൂർ നരബലിക്കേസിലെ മുഖ്യ സൂത്രധാരൻ ഷാഫിയാണെന്ന് കൊച്ചി പൊലീസ് കമ്മീഷ്ണർ സിഎച്ച് നാഗരാജു. ഭഗവൽ സിങിനും ലൈലക്കും രേഖകളിൽ ക്രിമിനൽ പശ്ചാത്തലം ഇല്ല. ദമ്പതികൾ അന്ത വിശ്വാസമുള്ളവരാണ്. ഭഗവൽ സിങ്ങിനെ ഷാഫി മുതലെടുക്കുകയായിരുന്നു. ഇവരെ കൂടാതെ മറ്റാരെങ്കിലും വലയിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്മത്തിന്റെ സഹോദരിയുടെ പരാതിയിലാണ് കേസെടുത്തത്. എളങ്കുളം ഭാഗത്ത് നിന്നാണ് പത്മത്തെ കാണാതായത്. ബൊലേറോ കാറിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് ഷാഫി കുറ്റം സമ്മതിച്ചത്. ഇത്തരം സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു.
ഷാഫി കോലഞ്ചേരിയിലെ ഒരു വൃദ്ധയെ പീഡിപ്പിച്ചിരുന്നു. അവരുടെ ശരീരത്തിൽ ഉണ്ടാക്കിയ അതെ മുറിവുകളാണ് പത്മത്തിന്റെയും റോസ്ലിന്റെയും ശരീരത്തിൽ ഉണ്ടാക്കിയത്. മനുഷ്യ മാംസം കഴിച്ചെന്നും പരിശോധനയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ കാര്യങ്ങളറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ട്. ലൈംഗിക വൈകൃതത്തിന് അടിമയായ ഷാഫി ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നയാളാണ്. സമൂഹ മാധ്യമം വഴി ബന്ധം സ്ഥാപിച്ചാണ് കേസിലെ മറ്റ് രണ്ട് പ്രതികളുമായി അടുപ്പത്തിലായത്. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ഷാഫിയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.
അതേസമയം നരബലി നടന്ന പത്തനംതിട്ട ഇലന്തൂരില ഭഗവൽസിങ്ങിന്റെ വീട്ടിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് ഇന്നലെ പൊലീസ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം കൊലപാതകം നടന്ന വീട്ടിലെത്തി തെളിവെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ആഭിചാര കർമ്മങ്ങൾക്കായി കൂടുതൽ പേർ ഇലന്തൂരിലെത്തിയിരുന്നതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
വീടിനോട് ചേർന്ന പുരയിടത്ത് മറ്റ് മൃതദേഹങ്ങൾ മറവ് ചെയ്തിട്ടുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് തിരോധാന കേസുകളിലും വിശദമായ അന്വേഷണം നടത്തും. ഭഗവൽ സിംങിനും ലൈലക്കും 13 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ളതായി പത്തനംതിട്ട പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദമ്പതികളുടെ പൂർവ്വകാലവും പൊലീസ് അന്വേഷിക്കുന്നുണ്ട്.