'അടിത്തട്ടിൽ പ്രവർത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല'; തരൂരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍
|സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കെതിരെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്
തിരുവനന്തപുരം: നിർവാഹക സമിതിയിൽ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു. സമുദായ നേതാക്കളെ കാണുന്നു. ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടിൽ പ്രവർത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കുകയും ശാസിക്കുകയും വേണമെന്നും നിർവാഹക സമിതിയിൽ ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കെതിരെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്. പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. സ്വയം സ്ഥാനാർഥികളാവുന്നത് അംഗീകരിക്കാനാവില്ല. സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണ്. ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ ചോദിച്ചു.
=സ്ഥനാർഥിത്വം തീരുമാനിക്കുന്നത് പാർട്ടിയാണ് എന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിലപാട്. എം.പിമാർക്ക് മടുത്തെങ്കിൽ മാറിനിൽക്കാമെന്ന് എം.എം ഹസൻ പറഞ്ഞു. ശശി തരൂർ, ടി.എൻ പ്രതാപൻ തുടങ്ങിയവർ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് കെ.പി.സി.സി എക്സിക്യൂട്ടീവിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമായിരിക്കണം ഇപ്പോൾ പാർട്ടിക്ക് മുന്നിലുള്ള ലക്ഷ്യമെന്ന് എ.കെ ആന്റണി പറഞ്ഞു. നേതാക്കൾ മറ്റു തെരഞ്ഞെടുപ്പുകളെ കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട. തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സമയമായിട്ടുണ്ട്. പാർട്ടിയിൽ ഒറ്റ സ്വരമേ പാടുള്ളൂവെന്നും എ.കെ ആന്റണി പറഞ്ഞു.