'എത്തേണ്ടിടത്ത് എത്തി': അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ ഷാഫി പറമ്പിൽ
|"എ.കെ ആന്റണി എന്ന ലേബലിന് കോട്ടം തട്ടണം എന്നതാണ് ബിജെപിയുടെയും അനിലിന്റെയും ഉദ്ദേശം എങ്കിൽ അവരെക്കൊണ്ടതിന് പറ്റില്ല"
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. ഗുജറാത്ത് കലാപത്തെ ന്യായീകരിക്കുന്ന അനിൽ ആന്റണി എത്തേണ്ടിടത്താണ് എത്തിയതെന്നും ബിജെപിയും അനിലും ചേർന്ന് എ.കെ ആന്റണിയുടെ പ്രതിച്ഛായ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
"രാഹുൽ ഗാന്ധിക്കെതിരെ നടന്ന ഫാസിസ്റ്റ് നടപടിയിൽ അദ്ദേഹത്തിനെതിരെ പ്രതികരിച്ച ആളാണ് അനിൽ. വർഗീയ, വിഭാഗീയ, ജനാധിപത്യവിരുദ്ധ സമീപനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരാളെ കോൺഗ്രസിന് പേറി നടക്കാനാവില്ല. ഗുജറാത്ത് കലാപം മറക്കാനും പൊറുക്കാനുമുള്ളതല്ല എന്നത് തന്നെയാണ് കോൺഗ്രസ് നിലപാട്. നരേന്ദ്രമോദിയെ വിമർശിച്ചാൽ അത് ഇന്ത്യയെ മൊത്തം വിമർശിക്കുകയാണെന്ന് വിശ്വിക്കുന്ന ഒരാളെ കോൺഗ്രസിൽ കൊണ്ടു നടക്കാൻ സാധിക്കില്ല. ആ വിഭാഗീയ പ്രവണതകൾ ഉള്ളിലുള്ളവർ ചെന്നു ചേരേണ്ടയിടം ബിജെപി തന്നെയാണ്".
"എ.കെ ആന്റണി എന്ന ലേബലിന് കോട്ടം തട്ടണം എന്നതാണ് ബിജെപിയുടെയും അനിലിന്റെയും ഉദ്ദേശം എങ്കിൽ അവരെക്കൊണ്ടതിന് പറ്റില്ല. ഐഡിയോളജിക്കൽ ക്ലാരിറ്റിയുടെ മറ്റൊരു പേരാണ് എ.കെ ആന്റണി. അതുകൊണ്ടു തന്നെ അനിൽ ഒറ്റു കൊടുത്തത് കൊണ്ട് അദ്ദേഹത്തിന്റെ പേര് കളങ്കപ്പെടില്ല". ഷാഫി പറമ്പിൽ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് അനിൽ ആന്റണി ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
ബിജെപിയിൽ ചേർന്നയുടനെ കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ അനിൽ നേതാക്കൾ കുടുംബവാഴ്ചയ്‌ക്കൊപ്പമാണെന്ന് ആരോപിച്ചു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഇത് കുടുംബവിഷയമല്ല എന്നും അനിൽ കൂട്ടിച്ചേർത്തിരുന്നു.