Kerala
റിജിൽ മാക്കുറ്റിയുടെ തറവാട്ട് സ്വത്ത് സംരക്ഷിക്കാനുള്ള സമരമായിരുന്നില്ല; ഗുണ്ടായിസത്തെ ആഘോഷിക്കുന്നവർക്ക് ബംഗാളിൽ ദൃഷ്ടാന്തമുണ്ടെന്ന് ഷാഫി പറമ്പില്‍
Kerala

'റിജിൽ മാക്കുറ്റിയുടെ തറവാട്ട് സ്വത്ത് സംരക്ഷിക്കാനുള്ള സമരമായിരുന്നില്ല'; ഗുണ്ടായിസത്തെ ആഘോഷിക്കുന്നവർക്ക് ബംഗാളിൽ ദൃഷ്ടാന്തമുണ്ടെന്ന് ഷാഫി പറമ്പില്‍

Web Desk
|
20 Jan 2022 4:17 PM GMT

കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ കാറിന്‍റെ ചില്ലെറിഞ്ഞ് തകർത്ത് പരിക്കേൽപ്പിച്ചവർ യൂത്ത് കോണ്‍ഗ്രസിനെ സമരപരിധി പഠിപ്പിക്കണ്ടെന്നും ഷാഫി പറമ്പില്‍

കണ്ണൂരിലെ സിൽവർലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ റിജിൽ മാക്കുറ്റിക്കും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. റിജിൽ മാക്കുറ്റിയുടെയും സഹപ്രവർത്തകരുടെയും തറവാട്ട് സ്വത്ത് സംരക്ഷിക്കാനുള്ള സമരത്തിൽ അല്ല യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കാളികളായതെന്നും നാടിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.


നോക്കുകുത്തിയായ പൊലീസിന്‍റെ കണ്മുന്നിൽ അക്രമം നടത്തിയ ഗുണ്ടാപ്രമുഖൻമാരാണ് നാട്ടിൽ വിലസുന്നത്. അങ്ങനെയുള്ളപ്പോള്‍ പൊതുമുതൽ നശിപ്പിക്കാതെ, പൊലീസിനെ പരിക്കേൽപ്പിക്കാതെ ജനാധിപത്യ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരെ ജയിലിൽ അടക്കുകയാണ് സംസ്ഥാന ഭരണകൂടം. ഇതുകൊണ്ടൊന്നും ഈ സമരത്തിൽ നിന്ന് പുറകോട്ട് പോകുമെന്ന് കരുതേണ്ട. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ കാറിന്‍റെ ചില്ലെറിഞ്ഞ് തകർത്ത് അപരിക്കേൽപ്പിച്ചവർ ഞങ്ങളെ സമരപരിധി പഠിപ്പിക്കണ്ട. ഷാഫി പറമ്പില്‍ വിമര്‍ശിച്ചു

കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറി. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്ക് മര്‍ദനമേല്‍ക്കുന്നത്. ഡി.വൈ.എഫ്.ഐ നേതാക്കളാണ് മര്‍ദിച്ചതെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ദിനേശ് ഓഡിറ്റോറിയത്തിലായിരുന്നു വിശദീകരണയോഗം. ഹാളിനുള്ളിലേക്ക് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘം ഇരച്ചെത്തുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. അതിനിടെ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ പൊലീസിനൊപ്പം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്

ഡി.വൈ.എഫ്.ഐ ജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെയാണ് മർദിച്ചെന്നും ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും റിജില്‍ പറയുന്നു. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇങ്ങനെ പ്രതിഷേധിച്ചിട്ടില്ലേയെന്നും റിജില്‍ മാക്കുറ്റി ചോദിച്ചു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

റിജിൽ മാക്കുറ്റിയുടെയും സഹപ്രവർത്തകരുടെയും തറവാട്ട് സ്വത്ത് സംരക്ഷിക്കാനുള്ള സമരത്തിൽ അല്ല യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കാളികളായത്. നാടിന് വേണ്ടിയുള്ള പോരാട്ടമാണിത്. നോക്ക്കുത്തി പോലീസിന്റെ കണ്മുന്നിൽ അക്രമം നടത്തിയ ഗുണ്ടാപ്രമുഖൻമാർ നാട്ടിൽ വിലസുമ്പോൾ പൊതുമുതൽ നശിപ്പിക്കാതെ,പോലീസിനെ പരിക്കേൽപ്പിക്കാതെ ജനാധിപത്യ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാരെ ജയിലിൽ അടക്കുകയാണ് ഭരണകൂടം.

ഇത് കൊണ്ടൊന്നും ഈ സമരത്തിൽ നിന്ന് പുറകോട്ട് പോവില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല് എറിഞ്ഞ് തകർത്ത് അദ്ദേഹത്തിന്റെ നെറ്റിയിലും നെഞ്ചിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവർ ഞങ്ങളെ സമരപരിധി പഠിപ്പിക്കണ്ട.

ഇന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ച ചോദ്യങ്ങൾ കേരളം ശ്രദ്ധിക്കാതെ പോകരുത്.

1.DPR തയ്യാറാക്കാതെ എങ്ങിനെ പ്രിലിമിനറി സർവ്വേ നടത്തി ?

2.ഏത്‌ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തിയത് ?

3.വിശദ പദ്ധതി രേഖ എങ്ങിനെ,എന്ത് ഘടകങ്ങൾ പരിശോധിച്ച് തയ്യാറാക്കി ?

4.ഏരിയൽ സർവ്വേ മാത്രം നടത്തി എങ്ങിനെ DPR തയ്യാറാക്കാനാവും ?

വിശദമായ DPR സമഗ്രമായി പഠിച്ചിട്ടും നീതി ആയോഗിന്റെ അംഗീകാരം ലഭ്യമായതിനും ശേഷമേ പദ്ധതിക്ക് അനുമതി നൽകാനാവൂ എന്ന് കേന്ദ്ര റയിൽവേ ബോർഡ് ഇന്നും കോടതിയിൽ പറയുന്നു.

ആദ്യം ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയുമൊക്കെ അറിയിച്ച എതിർപ്പുകൾക്ക് മറുപടി പറയാനുള്ള കപ്പാസിറ്റി എങ്കിലും ഉണ്ടാക്കട്ടെ ..എന്നിട്ട് മതി യൂത്ത് കോൺഗ്രസ്സിന്റെ മേൽ കുതിരകയറുന്നത് .

ഇന്ന് നടന്ന ഗുണ്ടായിസത്തെ ആഘോഷിക്കുന്നവർക്ക് ബംഗാളിൽ നിന്ന് ദൃഷ്ടാന്തങ്ങളുണ്ട് .

Similar Posts