Kerala
എന്തുകൊണ്ടാണ് ഇപ്പോൾ  എന്തിന് കൊന്നു ആർഎസ്എസേ നിലവിളികൾ ഇല്ലാത്തത് ?- ഷാഫി പറമ്പിൽ
Kerala

എന്തുകൊണ്ടാണ് ഇപ്പോൾ ' എന്തിന് കൊന്നു ആർഎസ്എസേ' നിലവിളികൾ ഇല്ലാത്തത് ?- ഷാഫി പറമ്പിൽ

Web Desk
|
22 Feb 2022 5:22 AM GMT

' കൊന്നത് RSS ആണ് എന്ന് പോലും ഉറച്ച് പറയാൻ മടിക്കുന്നവരെ CPM പ്രവർത്തകർ കാണുന്നുണ്ടാവും. '

ഇന്നലെ കണ്ണൂരിൽ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊന്ന സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകികൾ ആർ.എസ്.എസാണെന്ന് പറയാൻ സിപിഎമ്മിന് പേടിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ.

ഹരിദാസിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ 'ഭൂമിയോളം ക്ഷമിക്കുന്നത് നല്ലത് തന്നെയാണ്.അതിനേക്കാൾ ആഴത്തിലുള്ള പര്‌സപരസഹകരണമുള്ളത് കൊണ്ടായിരിക്കും 'എന്തിന് കൊന്നു?' നിലവിളികൾ ഇല്ലാത്തതെ' ന്ന് സിപിഎമ്മിനെ പരിഹസിക്കുന്നു.

എന്തുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റുകളുടെ പ്രളയം ഇല്ലാതെ DYFi നേതാക്കന്മാർ 4 വരിയിൽ പ്രതിഷേധം അവസാനിപ്പിച്ചത്. ഒരു കാവിക്കൊടിയും പറിച്ചെറിയാത്തത്,

ഒരു BJP ഓഫീസിന്റെ ചുവരിലും ചില്ലിലും ഒരു കല്ല് പോലും വീഴാത്തത്- ഷാഫി പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ പ്രതിയാകുമ്പോൾ സംസ്ഥാനത്തുടനീളം കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് ഷാഫിയുടെ പോസ്റ്റ്. ഹരിദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിലും ആർഎസ്എസിന്റെയോ ബിജെപിയുടേയോ പേര് പറയാത്തതും വിവാദമായിരുന്നു.

' ബിജെപി നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ആയിരം കാതം അകലെ പോലും ഇടത് പ്രതിഷേധക്കാരുടെ ബഹളം ഇല്ലാത്തത്, ബിജെപി നേതാക്കന്മാരുടെ മുഖം വെച്ച ഡ്രാക്കുളവത്ക്കരണം നടക്കാത്തതെന്താണെന്നും ഷാഫി ചോദിച്ചു.

ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നേരെ ഡിവൈഎഫ്‌ഐ പ്രതിഷേധമുണ്ടായിരുന്നു.

'' വ്യക്തമായി തന്നെ പറയുവാൻ ആഗ്രഹിക്കുന്നു.ഇതിനു മറുപടി അക്രമമാണെന്ന് വിശ്വസിക്കുന്നില്ല.

മുഖ്യമന്ത്രി പറഞ്ഞത് പോലെ, പ്രകോപനമരുത് എന്ന് തന്നെ ഞങ്ങളും പറയുന്നു.ഒരു കുടുംബം കൂടി കണ്ണീർ കുടിക്കാതിരിക്കട്ടെ.''- ഷാഫി പറഞ്ഞു.

'' പക്ഷേ പ്രകോപനം കോൺഗ്രസ്സിനെതിരെയും, സഹകരണവും ക്ഷമയും

RSS നോടുമാകുന്നു എന്നതിനെ വൈരുദ്ധ്യാത്മക പിണറായിവാദമായി കണക്കാക്കാം. ''- ഷാഫി കൂട്ടിച്ചേർത്തു.

അതേസമയം ഹരിദാസ് വധക്കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായത്. വിമിൻ, അമൽമനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ബി ജെ പി മണ്ഡലം പ്രസിഡണ്ടാണ് അറസ്റ്റിലായ ലിജേഷ്.

ഇന്നലെ കസ്റ്റഡിയിലെടുത്ത ഏഴ് പേരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തയാത്. എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഒരാഴ്ച മുൻപ് പുന്നോലിൽ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷമാണ് ഹരിദാസിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് ബിജെപി സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും നഗരസഭയിലെ മഞ്ഞോടി വാർഡ് കൗൺസിലറുമായ കെ ലിജേഷ് നടത്തിയ പ്രസംഗവും വിവാദമായിരുന്നു. കൊലപാതകത്തിന് പിന്നാലെ ലിജേഷ് അടക്കം ഏഴ് ബിജെപി ആർഎസ്എസ് പ്രാദേശിക നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Similar Posts