'കാഫിർ എന്ന് വിളിച്ചുള്ള വോട്ട് വേണ്ട, വ്യാജപ്രചാരണങ്ങളുടെ ആനുകൂല്യവും വേണ്ട'; വർഗീയ ആരോപണത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ
|എതിര് സ്ഥാനാര്‍ഥിയുടെ പല കമന്റുകളും തരം താഴ്ന്നതാണെന്ന് ഷാഫി കുറ്റപ്പെടുത്തി
കണ്ണൂർ: വടകരയിലുണ്ടായ വർഗീയ ആരോപണത്തിന് മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് എനിക്കെതിരെ പ്രചാരവേല ആരംഭിച്ചത്. കാഫിർ എന്ന് വിളിച്ചുള്ള വോട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തീർത്തും വ്യാജമായ സൃഷ്ടി വടകരയിലെ തൻ്റെ സ്വീകര്യതയെ തള്ളി പറയാനുണ്ടാക്കിയതാണ്. വ്യാജപ്രചാരണങ്ങളുടെ ആനുകൂല്യം എനിക്ക് വേണ്ട. എതിര് സ്ഥാനാര്‍ഥിയുടെ പല കമന്റുകളും തരം താഴ്ന്നതാണെന്ന് ഷാഫി കുറ്റപ്പെടുത്തി. വർഗ്ഗീയ വാദിയായി ചിത്രീകരിക്കുന്നത് സുഖകരമായ അനുഭവമല്ലെന്നും അതിന് നിരന്തരം മറുപടി പറയേണ്ടി വരുന്നത് പ്രയാസമാണ് ഷാഫി പറഞ്ഞു.
വ്യാജമായി സൃഷ്ടിച്ചതാണെന്ന് കൃത്യമായി മാധ്യമങ്ങൾക്ക് മുൻപാകെ കാണിച്ചിട്ടും, ഞാൻ കാഫിർ എന്ന് വിളിച്ചു, അതിൽ ഞാൻ മൗനം പാലിച്ചു എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന് ചോദിച്ചു കൊണ്ട് പ്രസ് മീറ്റ് കൊടുക്കുന്നു. ബോധപൂർവ്വം കാഫിര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കാൻ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്, അല്ലെങ്കില്‍ വ്യാജനിര്‍മിതികള്‍ എതിര് സ്ഥാനാര്‍ഥിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടാവില്ലെന്ന് ഷാഫി ആരോപിച്ചു. വ്യാജമായ ഒന്നിന് ഞാനെന്തിന് മറുപടി പറയണം.
ഈ പോസ്റ്റിട്ടവരിൽ പലരും കാര്യം ബോധ്യപ്പെട്ടപ്പോൾ ഡിലീറ്റ് ചെയ്തു. വടകരയിലെ ജനങ്ങളും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയമാണ് പറയേണ്ടത്. വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് നല്ല അനുഭവം അല്ല. ഞാൻ ഈ തെരഞ്ഞെടുപ്പിൽ പൊതുപ്രവർത്തനം തുടങ്ങിയ ആളാണോ?. എന്റെ പൊതുജീവിതത്തിൽ എവിടെയാണ് വർഗീയതയോട് ചേർന്ന് നിൽക്കുന്നയാളാണ് ബോധ്യപ്പെട്ടിട്ടുള്ളത്. എന്റെ വാക്കിലോ, പ്രവൃത്തിയിലോ, എന്റെ പോസ്റ്റുകളിലോ എനിക്കൊരു മതത്തിന്റെ പ്ലസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും ഷാഫി ചോദിച്ചു.
വടകരയിൽ പോളിങ് നടത്തിപ്പിൽ വീഴ്ചയുണ്ടായതായി ഷാഫി പറമ്പിൽ ആരോപിച്ചു. ഈ വിഷയത്തിൽ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതായും ഷാഫി പറഞ്ഞു. യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് വോട്ടിങ് നീണ്ടത് എന്ന പരാതി പല ഭാഗത്തു നിന്നുമുയരുന്നു. ബൂത്തുകളിലുണ്ടായ സംഘർഷം ബോധപൂർവ്വമാണെന്ന് സംശയിക്കുന്നതായും ഷാഫി പറഞ്ഞു.