'രാത്രി 12 മണിക്ക് ആരെങ്കിലും വാതിലിൽ മുട്ടുമ്പോ, തുറന്നിട്ട് കയറി ഇരിക്കൂന്ന് പറയണോ?': പാലക്കാട്ടെ രാത്രി പരിശോധനയിൽ ഷാഫി പറമ്പിൽ
|'വിരോധാഭാസങ്ങളുടെ രാത്രിയായിരുന്നു ഇന്നലെ'
പാലക്കാട്: പാലക്കാട്ടെ രാത്രി പരിശോധനയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വിവാദം കത്തുകയാണ്. ചൊവ്വാഴ്ച അർധരാത്രിയോടെ പൊലീസ് ഒരു മുന്നറിയിപ്പുമില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറിയിലെത്തി പരിശോധന നടത്തിയതെന്നാണ് കോൺഗ്രസ് ആരോപണം.
'അവിടെ നടന്ന കാര്യങ്ങളിലല്ല ഇനിയും ദുരൂഹത, ആരാണ് ഇതിന് പ്രേരണ നൽകിയത് എന്നതിലാണ് ദുരൂഹത. പൊലീസ് കള്ളം പറഞ്ഞതെന്തിന്. പൊലീസ് അവിടെ വ്യാജരേഖ ഉണ്ടാക്കിയതെന്തിന്. 2. 40 കഴിഞ്ഞ് അവിടെയെത്തിയ ഇലക്ഷൻ ടീമും സർച്ച് നടത്തിയെന്ന് വ്യാജരേഖ ഉണ്ടാക്കാൻ പൊലീസ് സമ്മർദം നൽകിയതെന്തിന്. അവരെ അറിയിക്കാതെ പൊലീസ് വന്നതെന്തിന്. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്.'- ഷാഫി പറഞ്ഞു.
'വിരോധാഭാസങ്ങളുടെ രാത്രിയായിരുന്നു ഇന്നലെ. കള്ളന്മാരെക്കാൾ മോശമാണ് കേരളത്തിലെ പൊലീസ് സിപിഎമ്മിന് വേണ്ടി ചെയ്യുന്ന പണി. 12.02ന് തുടങ്ങിയ റെയ്ഡിൽ രണ്ടേ മുക്കാലിനാണ് എഡിഎം ആർഡിഒ തുടങ്ങിയ ഇലക്ഷൻ ടീം വരുന്നത്. ഒരു റെയ്ഡ് നടക്കുമ്പോൾ നിങ്ങളിവിടെ ഉണ്ടാകേണ്ടേ എന്ന് ചോദിച്ചു. ഇൻഫോർമേഷൻ കിട്ടിയാൽ അല്ലേ വരാൻ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അവർക്ക് പോലും ഇൻഫർമേഷൻ കൊടുക്കാതെ ഇവർ എന്തിനുവന്നതാണ്. രാത്രി 12 മണിക്ക് ആരെങ്കിലും വാതിലിൽ മുട്ടുമ്പോ, തുറന്നിട്ട് കയറി ഇരിക്കൂന്ന് പറയണോ?'- ഷാഫി ചോദിച്ചു.